ഹോട്ടൽ മുറികളിൽ പൊതുവായി കണ്ടുവരുന്ന കാര്യങ്ങളിൽ ഒന്നാണ് വെളുത്ത ബെഡ് ഷീറ്റ്. ഒരു ഹോട്ടൽ മുറിയിലേക്ക് ചെല്ലുമ്പോൾ വെളുത്ത നിറത്തിലുള്ള മനോഹരമായ ബെഡ് ഷീറ്റുകൾ വിരിച്ച മുറിയാണ് നമുക്കായി കാത്തിരിക്കുന്നത്. എന്തുകൊണ്ടാണ് മറ്റൊരു നിറത്തിലുള്ള ബെഡ് ഷീറ്റുകളും ഹോട്ടലുകളിൽ കാണാൻ കഴിയാത്തത്. അതിന് ഒന്നല്ല, കുറച്ചധികം കാരണങ്ങളുണ്ട്.
വൃത്തിയും ശുചിത്വവും
വെളുത്ത ബെഡ് ഷീറ്റുകൾ ശുചിത്വം ഉറപ്പു നൽകുന്നു എന്നതാണ് പ്രധാന കാരണങ്ങളിൽ ഒന്ന്. ഈ ബെഡ് ഷീറ്റുകളിൽ കറകളോ അടയാളങ്ങളോ ആയാൽ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. അതിനാൽ തന്നെ ജീവനക്കാർക്ക് ബെഡ് ഷീറ്റുകൾക്ക് വൃത്തിയില്ലെന്ന് തോന്നിയാൽ എളുപ്പത്തിൽ അത് മാറ്റി അവിടെ വേറെ ഷീറ്റ് വിരിക്കാൻ സാധിക്കും. അതിഥികൾക്കും വൃത്തിയുള്ള വെളുത്ത ബെഡ്ഷീറ്റ് കാണുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. സുതാര്യതയും സത്യസന്ധതയും വെളിവാക്കുന്നതാണ് വെളളനിറം
എളുപ്പത്തിലുള്ള ഏകോപനം
മുറിയുടെ നിറം ഏതു തന്നെയായാലും വെളുത്ത ബെഡ് ഷീറ്റുകൾ ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ടു തന്നെ ഹോട്ടലുകളിൽ ഓരോ മുറിക്കും ചേരുന്ന വ്യത്യസ്തമായ ബെഡ് ഷീറ്റുകൾ അന്വേഷിച്ച് ജീവനക്കാർക്ക് അലയേണ്ട. സമയലാഭവും ജോലിലാഭവും മിച്ചം. മുറികളിൽ വെളുത്ത നിറത്തിലുള്ള ബെഡ് ഷീറ്റുകൾ വിരിക്കുന്നത് കൂടുതൽ വൃത്തിയും നിലവാരവുമുള്ള തോന്നൽ മുറിയിൽ ഉണ്ടാക്കുകയും ചെയ്യുന്നു.
പ്രായോഗികമായ ചില കാര്യങ്ങൾ
വെള്ള നിറമായതിനാൽ തന്നെ നിറം മങ്ങാനുള്ള സാധ്യതയില്ല. ഹോട്ടലുകളിൽ ഉയർന്ന താപനിലയിൽ അവ കഴുകി വൃത്തിയാക്കാനും ഇതിനാൽ സാധിക്കുന്നു. മറ്റ് നിറമുള്ള ബെഡ് ഷീറ്റുകളെ അപേക്ഷിച്ച് കൂടുതൽ കാലം വൃത്തിയോടെ ബെഡ് ഷീറ്റുകൾ ഉപയോഗിക്കാനും സാധിക്കും.
പ്രീമിയം ഗുണനിലവാരം
വെളുത്ത നിറമുള്ള കിടക്ക നമ്മുടെ മനസ്സിലേക്ക് ഒരു കുലീനത്വവും ആഡംബരവും ജനിപ്പിക്കുന്നു. ബജറ്റ് താമസങ്ങളിൽ പോലും വെള്ള നിറത്തിലുള്ള ബെഡ് ഷീറ്റുകൾ ആയിരിക്കും ഉപയോഗിച്ചിട്ടുണ്ടായിരിക്കുക. കൂടുതൽ വൃത്തി തോന്നിപ്പിക്കാനും വെള്ള നിറം സഹായിക്കും. റിസോർട്ടുകളിലും ഹോട്ടലുകളിലും എല്ലാം വെളുത്ത നിറത്തിലുള്ള ബെഡ്ഷീറ്റുകൾ ഉപയോഗിക്കുമ്പോള്‍ പ്രീമിയം നിലവാരത്തിലുള്ള ഒരു താമസമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് അതിഥികൾക്ക് തോന്നലുണ്ടാക്കും. ഇത് കൂടാതെ ഒരു സ്ഥിരത കാത്തു സൂക്ഷിക്കാനും വെളുത്ത ബെഡ് ഷീറ്റുകൾക്കു സാധിക്കുന്നു. പ്രീമിയം സ്യൂട്ട് മുറികൾ മുതൽ സ്റ്റാൻഡേർഡ് മുറികൾ വരെ ഇത്തരം ബെഡ് ഷീറ്റുകൾ ഉപയോഗിക്കുമ്പോൾ ഒരു സ്ഥിരത സൃഷ്ടിക്കുന്നു. അത് മാത്രമല്ല വെളുത്ത ബെഡ്ഷീറ്റുകൾ ഉപയോഗിക്കുന്നത് ആതിഥ്യമര്യാദയിലെ ശുചിത്വം, പ്രൊഫഷണലിസം എന്നിവയുടെ അടയാളമായി മാറിയിരിക്കുകയാണ്.
