എല്ലാ വിദ്യാർത്ഥികൾക്കും പൊതു വിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന് പ്രചരണം വ്യാജമാണെന്നും സൈബർ തട്ടിപ്പിൽ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്. എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്നറിയിച്ച് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ അപേക്ഷകരുടെ പേരുവിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട് സൈബർ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പൊതുജനങ്ങൾ തട്ടിപ്പിനിരയാകുന്നത് തടയാൻ അതിവേഗം നടപടികൾ കൈക്കൊള്ളാൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയതായി മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. സാധാരണ ജനങ്ങളിലേക്ക് വാട്സ്ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. വാട്സ്ആപ്പ് മെസ്സേജ് വഴി രജിസ്ട്രേഷൻ ലിങ്ക് സഹിതമാണ് പ്രചാരണം. കൂടാതെ ഫേസ്ബുക്കിലും സന്ദേശം പ്രചരിക്കുന്നു.