മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പ് ടൂറിസം ഗ്രാമമാകുന്നു

നടൻ മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പ് ടൂറിസം ഗ്രാമമായി മാറുന്നു. അദ്ദേഹത്തിന്റെറെ ഈ ജന്മദിനത്തിൽ ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാൻ തീരുമാനിച്ച വിവരം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.

ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീസൗഹാർദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളിൽ ഒന്നാണ് ചെമ്പ്. ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ വില്ലേജ് ലൈഫ് എക്സിപീരിയൻസ് ടൂർ പാക്കേജുകൾ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവർത്തനം നടന്നുവരുന്നുണ്ട്.

പ്രദേശവാസികൾക്ക് ആവശ്യമായ പരിശീലനം നൽകികഴിഞ്ഞു. ബാക്ക് വാട്ടർ ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണ് ചെമ്പ്. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമമാണ് ചെമ്പെന്നും മന്ത്രി പറഞ്ഞു.

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ഒരു ഗ്രാമമാണ് ചെമ്പ്. പുഴ, കായൽ, പാടങ്ങൾ, തെങ്ങിൻ തോപ്പുകൾ എന്നിവയാൽ അനുഗൃഹീതമായ ഗ്രാമ പ്രദേശം.