കഴിഞ്ഞ മൂന്നുവർഷത്തിനിടെ അമ്മത്തൊട്ടിൽ വഴിയും അല്ലാതെയും സംസ്ഥാന ശിശുക്ഷേമ സമിതിക്ക് ലഭിച്ച 233 കുഞ്ഞുങ്ങളെയാണ് വിദേശത്തും സ്വദേശത്തുമുള്ളവർ ദത്തെടുത്തത്. 27കുഞ്ഞുങ്ങളെ ദത്തെടുത്തത് വിദേശത്തുള്ളവരാണ്. കൂടുതലും ഇറ്റലിയിലുള്ളവർ. അമേരിക്ക, ഡെൻമാർക്ക്, സ്പെയിൻ, യു.എ.ഇ, സ്വീഡൻ എന്നീ രാജ്യങ്ങളിലുള്ളവരും ദത്തെടുത്തവരിലുണ്ട്.
കൂടുതൽ കുഞ്ഞുങ്ങളെ ദത്തു നൽകിയത് തിരുവനന്തപുരത്താണ്. 123പേർ. തിരുവനന്തപുരത്ത് നിന്നുതന്നെയാണ് വിദേശത്തേക്ക് കൂടുതൽ കുഞ്ഞുങ്ങളെ ദത്ത് നൽകിയതും. 16പേർ. സംസ്ഥാന സമിതിയുടെ കീഴിലുള്ള 11 ശിശുപരിചരണ ദത്തെടുക്കൽ കേന്ദ്രങ്ങൾ, തിരുവനന്തപുരത്തെ ബാലികാ മന്ദിരം, വയനാട് ഗേൾസ് എൻട്രി ഹോം എന്നിവിടങ്ങളിലായി 285 കുട്ടികൾ നിലവിൽപരിചരണത്തിലുണ്ട്. അമ്മത്തൊട്ടിൽ വഴി 104 കുഞ്ഞുങ്ങളെയാണ് ലഭിച്ചത്. മൂന്ന് മാസത്തിനും ആറ് വയസിനുമിടയിലുള്ള കുഞ്ഞുങ്ങളെയാണ് ദത്ത് നൽകുന്നത്. ഇന്ത്യയിൽ എവിടെനിന്നുള്ള രക്ഷിതാക്കൾക്കും ദത്തെടുക്കാം. ഇതിനായി സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിട്ടിയുടെ വെബ്സൈറ്റായ www.cara.nic.inൽ രജിസ്റ്റർ ചെയ്യണം.
അമ്മത്തൊട്ടിലുകൾ ഇല്ലാത്ത ജില്ലകളിലും തൊട്ടിൽ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ജില്ലാ ആശുപത്രികളോട് ചേർന്ന് ഹൈടെക് ഇലക്ട്രിക് തൊട്ടിലുകൾ സ്ഥാപിക്കുക. നിലവിൽ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് ഹൈടെക് ഇലക്ട്രിക് അമ്മത്തൊട്ടിലുകളുള്ളത്. കോട്ടയത്തെ അമ്മത്തൊട്ടിൽ ഹൈടെക്കാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
