ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ. സമര നായകനും സിജെപി നേതാവുമായ അഭിജീത് ദീപ്കെയുടെ നേതൃത്വത്തിലായിരുന്നു സമരക്കാർ തടിച്ചുകൂടിയത്. നീറ്റ് പരിക്ഷ ക്രമകേഡിനെ തുടർന്ന് ജീവന്‍ നഷ്ടമായ വിദ്യാർത്ഥികളുടെ കുടുംബത്തിന് 1 കോടി രൂപ നൽകണമെന്ന് അഭിജിത് ദീപ്‌കെ ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് ജീവനൊടുക്കിയ കുട്ടികളുടെ പേര് അഭിജീത് ഉറക്കെ വായിക്കുകയും കുട്ടികൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. സമര വിജയം ജീവത്യാഗം ചെയ്ത കുട്ടികൾക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 35 ദിവസം നീണ്ട സമരത്തിനൊടുവിലാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്. പ്രധാൻ രാജിവെക്കില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ സൂചന. എന്നാൽ പിന്നോട്ടില്ലെന്ന് സമരക്കാരും ഉറച്ച തീരുമാനമെടുത്തതോടെ മോദി സർക്കാറിന് മുട്ടുമടക്കേണ്ടി വന്നു.
വാങ് ചുക്കിന്റെ നിരാഹാര സമരത്തോടെയാണ് സമരത്തിന് പുതുജീവൻ വെച്ചത്. സമരം വ്യാപിപ്പിക്കുമ്പോഴും രാജ്യവ്യാപക ശ്രദ്ധ നേടുമ്പോഴും പ്രധാൻ രാജിവെക്കേണ്ടെന്നായിരുന്നു കേന്ദ്ര നിലപാട്. പ്രധാന്റെ രാജി ഒഴികെ സമരക്കാരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കാമെന്നായിരുന്നു കേന്ദ്ര നിലപാട്. സമരക്കാരെ തണുപ്പിക്കാൻ പരീക്ഷാ ചോർച്ച തടയാൻ പ്രത്യേക ബില്ലും പാർലമെന്റിൽ അവതരിപ്പിച്ചു. പ്രധാന്റെ രാജിയില്ലാതെ പിന്തിരിയില്ലെന്ന് സിജെപി അന്ത്യശാസനം നൽകിയതോടെയാണ് ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനമുണ്ടായത്.
