നിങ്ങളുടെ ആധാർ കാർഡ് പുതുക്കിയതാണോ? പേര്, വിലാസം, ഫോട്ടോ അല്ലെങ്കിൽ ആധാർ കാർഡിലെ മറ്റേതെങ്കിലും വിവരങ്ങൾ എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെങ്കിൽ ഫീസ് നൽകേണ്ടതായി വന്നേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഡെമോഗ്രാഫിക് അപ്‌ഡേറ്റ്, ബയോമെട്രിക് അപ്‌ഡേറ്റ് എന്നിവയ്ക്ക് അനുസരിച്ച് ഫീസ് ഘടന വ്യത്യാസപ്പെടുന്നു.
ആധാർ അപ്‌ഡേറ്റ് നിരക്കുകൾ എന്തൊക്കെയാണ്?
വിരലടയാളം മാറ്റാനോ കണ്ണ് സ്‌കാൻ ചെയ്യാനോ 100 രൂപയാണ് ഫീസ്. പേര്, ജന്മദിനം, വിലാസം എന്നിവ മാറ്റുന്നതിന് 50 രൂപ ചിലവാകും. രണ്ടും മാറ്റണമെങ്കിൽ രണ്ട് ഫീസും അടയ്‌ക്കേണ്ടിവരും. ആധാർ എൻറോൾമെന്‍റ് കേന്ദ്രം സന്ദർശിച്ച് 30 രൂപ ഫീസ് അടച്ചാൽ വ്യക്തികൾക്ക് അവരുടെ ഇ-ആധാർ കാർഡിന്‍റെ അച്ചടിച്ച പതിപ്പ് ലഭിക്കും. ആദ്യമായി ആധാറിനായി രജിസ്റ്റർ ചെയ്യുകയാണെങ്കിൽ, നിരക്കുകളൊന്നും ബാധകമല്ല. മാത്രമല്ല, അഞ്ചിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ബയോമെട്രിക് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് സൗജന്യമാണ്.
അതേസമയം ഓൺലൈൻ ആയി ആധാർ പുതുക്കാനുള്ള സേവനം സൗജന്യമാണ്. പുതുക്കിയ വിവരങ്ങളുടെ തെളിവായി ആവശ്യമായ രേഖകൾ വ്യക്തികൾ സമർപ്പിക്കേണ്ടതുണ്ട്. മാർച്ച് 14 വരെ ആയിരുന്നു നേരത്തെ സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി. എന്നാൽ ഇപ്പോൾ സൗജന്യ ഓൺലൈൻ ഡോക്യുമെന്‍റ് അപ്‌ലോഡ് സൗകര്യം യുഐഡിഎഐ 2024 ജൂൺ 14 വരെ നീട്ടിയിട്ടുണ്ട്.
പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുയുഐഡിഎഐ നിർദേശിച്ചിട്ടുണ്ട്.