ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന് തുടക്കം

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സംവിധാനത്തിലൂടെയുള്ള ദർശനത്തിന് തുടക്കമായി. രാവിലെ 7 മുതൽ 8 വരെയുള്ള ആദ്യ സ്ലോട്ടിൽ 148 ഭക്തരാണ് ദർശനം നടത്തിയത്. ഒരു സ്ലോട്ടിൽ 300 പേർക്ക് വരെ ദർശനം അനുവദിക്കാമെന്നിരിക്കെ ആദ്യ മണിക്കൂറിൽ പകുതിയോളം പേർ മാത്രമാണ് എത്തിയത്.

ആദ്യ സ്ലോട്ടിലെത്തിയ ഭക്തര്‍ക്ക് പത്ത് മിനിറ്റിനുള്ളിൽ  തന്നെ ദർശനം പൂർത്തിയാക്കാനായതായി ദേവസ്വം അധികൃതർ അറിയിച്ചു. രാവിലെ 8 മുതൽ 9 വരെ നിശ്ചയിച്ചിരുന്ന രണ്ടാം സ്ലോട്ടിലേക്ക് ബുക്ക് ചെയ്ത‌വരിൽ നേരത്തെയെത്തിയവരെ ഏഴരയോടെ ക്യൂ പന്തലിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്‌തു. വെർച്വൽ ക്യൂ സംവിധാനം വഴി തടസങ്ങളില്ലാതെ സുഗമമായ ദർശനം ലഭിച്ചതായി ഭക്തർ പ്രതികരിച്ചു.

പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് നിലവിൽ ദർശനം ക്രമീകരിച്ചിരിക്കുന്നത്. പ്രതിദിനം 2,400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ന് രാവിലെ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥൻ വെർച്വൽ ദർശന സംവിധാനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം മാനേജർമാരായ സി.വി. സന്തോഷ്, എ.വി. പ്രശാന്ത്, സുഭാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.