13 വർഷമായി കോമയിൽ കഴിയുന്ന മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി. വൃദ്ധമാതാപിതാക്കളുടെ ഹർജിയിലാണ് അനുമതി. ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് തീരുമാനം. യന്ത്ര സഹായത്തോടെ മാത്രം ജീവൻ നിലനിർത്തുന്നതിൽ അർത്ഥമില്ലെന്ന ഡോക്ടർമാരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് സുപ്രീം കോടതി തീരുമാനം. 2018-ൽ ഇന്ത്യയിൽ ദയാവധം നിയമവിധേയമാക്കിയതിന് ശേഷം കോടതി ഉത്തരവിലൂടെ ജീവൻ അവസാനിപ്പിക്കുന്ന ആദ്യത്തെ കേസാണിത്.
ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ ക്രമേണ പിൻവലിക്കുന്നതിനായി ഹരീഷിനെ എയിംസിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിക്കാനും കോടതി ഉത്തരവിട്ടു. ചികിത്സ പിൻവലിക്കുന്നതിൽ അന്തസ്, അനുകമ്പ, മെഡിക്കൽ ധാർമ്മികത, പ്രോട്ടോക്കോളുകൾ എന്നിവ കർശനമായും പാലിക്കണമെന്നും ബെഞ്ച് അടിവരയിട്ടു. തീരുമാനം എടുക്കും മുൻപ് ഹരീഷ് റാണയുടെ കുടുംബത്തോട് ജഡ്ജമാർ നേരിട്ട് സംസാരിച്ചിരുന്നു. നേരത്തെ ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയുടെ മുൻ ബെഞ്ചും ഹരീഷിന്റെ അപേക്ഷ തള്ളിയിരുന്നു.
2013 മുതൽ കോമയിലായ മുപ്പത്തിരണ്ടുകാരനായ ഹരീഷിന്റെ ദുരിതാവസ്ഥ കണക്കിലെടുത്ത് മരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രണ്ടാം തവണയാണ് കോടതിയെ സമീപിക്കുന്നത്. 2013 ഓഗസ്റ്റിൽ ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയിൽ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കെ താമസസ്ഥലത്തെ ബാൽക്കണിയിൽ നിന്ന് വീണാണ് ഹരീഷിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത്. 100 ശതമാനം വൈകല്യം സംഭവിച്ച ഹരീഷ് അന്നു മുതൽ കോമയിലാണ്. ശസ്ത്രക്രിയയിലൂടെ ഘടിപ്പിച്ച പിഇജി ട്യൂബുകളിലൂടെ നൽകുന്ന ക്ലിനിക്കലി അഡ്മിനിസ്ട്രേറ്റഡ് ന്യൂട്രീഷൻ (സിഎഎൻ) ഉപയോഗിച്ചാണ് റാണയുടെ ജീവൻ ഇത്രയും കാലം നിലനിർത്തിയിരുന്നത്.
