വന്യമൃഗങ്ങൾക്കു ശല്യമാകുമെന്ന് വനം വകുപ്പ്; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിക്കുന്നു

ശബരിമല അയ്യപ്പസന്നിധിയിലെ വെടിവഴിപാട് ദേവസ്വം ബോർഡ് ഉപേക്ഷിക്കുന്നു. വനം വകുപ്പിന്റെ എതിർപ്പും മറ്റും പരിഗണിച്ച് ഇത് ലേലത്തിൽ നിന്ന് ഒഴിവാക്കി. ശബരിമല പെരിയാർ കടുവ സങ്കേതത്തിൽ ആയതിനാൽ സ്ഥിരമായി ഉണ്ടാകുന്ന വെടിയൊച്ച വന്യമൃഗങ്ങൾക്കു ശല്യമാകുമെന്നു വനം വകുപ്പ് എതിർപ്പ് അറിയിച്ചു. ഇതാണ് ഇത്തവണത്തെ ലേലത്തിൽ നിന്ന് വെടിവഴിപാട് ഒഴിവാക്കിയത്.

500 കിലോ വെടിമരുന്നു സൂക്ഷിക്കുന്നതിനു ചെന്നൈ എക്സ്പ്ലോസീവ് കൺട്രോളറുടെ അനുമതിയാണ് ദേവസ്വം ബോർഡിനുള്ളത്. ജില്ലാ കലക്ടറുടെ ലൈസൻസിനും കാലാവധിയുണ്ട്. കരാറുകാരൻ കൊച്ചിയിലെ എക്സ്പ്ലോസീവ് കൺട്രോളർ ഓഫിസിൽ നടത്തിയ പരീക്ഷ വിജയിച്ച് സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. തീർഥാടകർ എത്താത്ത പ്രദേശത്താണ് വെടിമരുന്നു സൂക്ഷിക്കുന്ന കെട്ടിടം. അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ പരിശോധന നടത്തി സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. പാറമടകളിൽ അനധികൃത വെടിമരുന്ന് സൂക്ഷിക്കുന്നത് കണ്ടെത്തുന്ന സംഘം ഇവിടെ പരിശോധനയും നടത്തിയിരുന്നു.