വായ്പ ഇടപാടുകാർക്ക് വൻ ആശ്വാസം, റീപ്പോനിരക്ക് 0.50% വെട്ടിക്കുറച്ചു

തുടർച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 50 ബേസിസ് പോയിന്റ് കുറച്ചതോടെ നിലവിലെ നിരക്ക് 6% ൽ നിന്ന് 5.50% ആയി. ആർ‌ബി‌ഐ ഗവർണർ സഞ്ജയ് മൽ‌ഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി രണ്ട് ദിവസത്തെ ധന നയ യോ​ഗത്തിന് ശേഷമാണ് ഇന്ന് നിരക്കുകൾ പ്രഖ്യാപിച്ചത്.

ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റു വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നത് ജനങ്ങൾക്ക് വൻ ആശ്വാസമാകും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലെയും ഏപ്രിലിലെയും യോഗത്തിൽ എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) 0.25% വീതം പലിശ കുറച്ചിരുന്നു. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) കുറയുമെന്നതിനാൽ വായ്പാ ഇടപാടുകാർക്ക് ഓരോ മാസവും കൂടുതൽ തുക വരുമാനത്തിൽ മിച്ചം പിടിക്കാം. ഈ തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും.

ബാങ്കുകൾക്ക് പണം കടം നൽകുന്നതിന് ആർബിഐ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്കിൽ വന്ന മാറ്റം ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവ എടുത്തവർക്ക് ഗുണം ചെയ്യും. പ്രതിമാസ ഇഎംഐ കുറയും.