പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; നടപടികൾ പ്രാരംഭ ഘട്ടത്തിലെന്ന് ആർ.ബി.ഐ ഗവർണർ

രാജ്യത്ത് പേപ്പർ നോട്ടുകൾക്ക് പകരം പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള നിർദ്ദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പരിഗണനയിലെന്ന് ഗവർണർ സഞ്ജയ് മൽഹോത്ര. പ്ലാസ്റ്റിക് കറൻസി നോട്ടുകൾ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിലവിൽ പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  നിലവിലുള്ള പേപ്പർ കറൻസി നോട്ടുകളുടെ അച്ചടിച്ചെലവ് കേന്ദ്ര സർക്കാരിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ്  പുതിയ നീക്കം.

പേപ്പർ നോട്ടുകൾ പെട്ടെന്ന് കേടുവരുന്നതും അവ നശിപ്പിച്ചു കളയുമ്പോൾ ഉണ്ടാകുന്ന മൂല്യനഷ്ടവും ഒഴിവാക്കാൻ പ്ലാസ്റ്റിക് നോട്ടുകൾക്ക് സാധിക്കും. പ്ലാസ്റ്റിക് കറൻസി എന്ന ആശയം റിസർവ് ബാങ്ക് ആദ്യമായി അവതരിപ്പിച്ച് ഒരു പതിറ്റാണ്ടിനു ശേഷമാണ് ഇപ്പോൾ പദ്ധതിയുമായി അധികൃതർ വീണ്ടും മുന്നോട്ട് പോകുന്നത്.  കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെപ്പോലെ പ്ലാസ്റ്റിക് നോട്ടുകൾ ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് എത്രത്തോളം അനുയോജ്യമാണെന്ന് പരിശോധിക്കുകയാണ് ആദ്യ ലക്ഷ്യം. ഇതിനായി രാജ്യത്തെ വ്യത്യസ്ത ഭൂമിശാസ്ത്ര-കാലാവസ്ഥാ വ്യതിയാനങ്ങളുള്ള അഞ്ച് നഗരങ്ങളെ പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്തിട്ടുണ്ട്. കൊച്ചിയും  പട്ടികയിൽ ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.  കൊച്ചി, മൈസൂർ, ജയ്പൂർ, ഷിംല, ഭുവനേശ്വർ തുടങ്ങിയ നഗരങ്ങളാണ് തിരഞ്ഞെടുത്ത നഗരങ്ങൾ.

ആദ്യ ഘട്ടം ഈ അഞ്ച് നഗരങ്ങളിലായി പരീക്ഷണാടിസ്ഥാനത്തിൽ 10 രൂപയുടെ ഒരു ബില്യൺ (100 കോടി) പ്ലാസ്റ്റിക് നോട്ടുകൾ വിതരണത്തിന് ഇറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലാബുകളിൽ നടത്തിയ പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ്  നോട്ടുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. ഇന്ത്യയിലെ കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയെയും ദൈനംദിന ഉപയോഗത്തെയും  നോട്ടുകൾ എത്രത്തോളം പ്രതിരോധിക്കുമെന്ന് വിലയിരുത്തിയ ശേഷമായിരിക്കും രാജ്യം മുഴുവൻ പ്ലാസ്റ്റിക് നോട്ടുകൾ വ്യാപിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. 

സാധാരണ പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പ്ലാസ്റ്റിക് നോട്ടുകൾക്ക് ആയുസ്സ് കൂടുതലാണെന്നതും കള്ളനോട്ടുകൾ അടിക്കുന്നത് തടയാൻ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഇവയിൽ ഉൾപ്പെടുത്താമെന്നതുമാണ് ആർബിഐയെ ഇതിലേക്ക് ആകർഷിക്കുന്നത്. അച്ചടിച്ചെലവ് ആദ്യഘട്ടത്തിൽ അല്പം കൂടുതലാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് രാജ്യത്തിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.