

രാഷ്‌ട്രപതി ദ്രൗപദി മുർമു ഈ മാസം 18-ന് കേരളത്തിലെത്തും. ശബരിമലയിൽ ദർശനം നടത്തുന്നതിനാണ് രാഷ്‌ട്രപതി എത്തുന്നത്. 19-നാണ് ശബരിമലയിൽ ദർശനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം വകുപ്പിന് രാഷ്‌ട്രപതി ഭവനിൽ നിന്ന് ഇത് സംബന്ധിച്ച് അറിയിപ്പ് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ശബരിമലയിൽ എത്തുന്ന ആദ്യ രാഷ്‌ട്രപതിയാണ് ദ്രൗപദി മുർമു. 18-ന് കേരളത്തിൽ എത്തുന്ന രാഷ്‌ട്രപതി കോട്ടയം കുമരകത്തായിരിക്കും തങ്ങുക. പാല സെന്റ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കും. ഇടവമാസ പൂജയ്‌ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്‌ട്രപതി എത്തുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിരുന്നില്ല.
രാഷ്‌ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷ കർശനമാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സന്ദർശന ദിവസം വെർച്വൽ ബുക്കിംഗിൽ ഉൾപ്പെടെ ദേവസ്വം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.