ഓക്സ്‌ഫഡ് ഇക്കണോമിക്സ് തയ്യാറാക്കിയ 2026ലെ ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ മെട്രോ നഗരങ്ങളെ പോലും പിന്തള്ളി മികച്ച ജീവിതനിലവാരമുള്ള നഗരമായി കോട്ടയം തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ആയിരത്തോളം നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ ഈ പഠനത്തിൽ കേരളത്തിൽ നിന്ന് 7 നഗരങ്ങൾ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
ആഗോളതലത്തിൽ 475-ാം സ്ഥാനമാണ് കോട്ടയത്തിനുള്ളത്. ബെംഗളൂരു (775), ന്യൂഡൽഹി (781), മുംബൈ (817), ഹൈദരാബാദ് (818) തുടങ്ങിയ വൻ നഗരങ്ങളെല്ലാം ജീവിതനിലവാരത്തിൽ കോട്ടയത്തിന് പിന്നിലാണ്. കൂടാതെ, തലസ്ഥാനമായ തിരുവനന്തപുരം, കൊച്ചി, തൃശൂർ എന്നിവയ്ക്ക് മുന്നിലും കോട്ടയം ഇടംപിടിച്ചിട്ടുണ്ട്. 533-ാം സ്ഥാനത്തുള്ള കൊല്ലമാണ് കോട്ടയത്തിന് തൊട്ടടുത്തുള്ളത്.
വെറുമൊരു പ്രദേശിക അഭിപ്രായ സർവേയല്ല ഇത് സാമ്പത്തികം, മനുഷ്യവിഭവശേഷി, ജീവിതനിലവാരം, പരിസ്‌ഥിതി, ഭരണനിർവഹണം എന്നീ അഞ്ച് പ്രധാന മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ഓക്സ‌്‌ഫോർഡ് എക്കണോമിക്സ് ഈ റാങ്കിങ് വളരെ കൃത്യമായി തയാറാക്കിയിരിക്കുന്നത്. നിവാസികളുടെ ശരാശരി വരുമാനം, സാമ്പത്തിക സമത്വം, കുറഞ്ഞ ഭവനച്ചെലവ്, ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, വിനോദ-വിശ്രമ സൗകര്യങ്ങൾ തുടങ്ങിയ സുപ്രധാന ഘടകങ്ങളെല്ലാം സമഗ്രമായി വിശകലനം ചെയ്തതാണ് ഇവർ ജീവിതനിലവാര സൂചിക അഥവാ ക്വാളിറ്റി ഓഫ് ലൈഫ് തയാറാക്കിയത്.
വാണിജ്യ വ്യാവസായിക, സാമ്പത്തിക സൂചികകളിലെ മികവാണ് തൃശ്ശൂർ, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളെ ഓവറോൾ റാങ്കിങ്ങിൽ മുൻനിരയിലെത്തിച്ചത് എങ്കിലും പ്രകൃതിഭംഗിയും ശാന്തസുന്ദരമായ ജീവിത അന്തരീക്ഷവും കോട്ടയത്തെ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ പ്രദേശമാക്കി മാറ്റുന്നു എന്ന് നിസ്സംശയം പറയാം. ഇന്ത്യയിലെ ഏറ്റവും മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളിലൊന്നായി കോട്ടയം മാറിയത് കേരളത്തിനാകെ അഭിമാനിക്കാവുന്ന വലിയൊരു നേട്ടം തന്നെയാണ്.
