ഓണക്കാലത്ത് കേരളത്തിലേക്ക് നൂറ് സ്പെഷ്യൽ ട്രെയിനുകൾ; പ്രഖ്യാപനവുമായി റെയിൽവേ

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകളുണ്ടായേക്കും. ഇത് സംബന്ധിച്ച അറിയിപ്പ് വൈകാതെ പ്രതീക്ഷിക്കാം. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് കൂടുതല്‍ സര്‍വീസ്. പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് സമയക്രമം, റൂട്ടുകള്‍, സ്റ്റോപ്പുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഓണക്കാലത്ത് നാട്ടിലേക്ക് വരുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസമാകും സ്‌പെഷ്യല്‍ ട്രെയിനുകളുടെ പ്രഖ്യാപനം. ഓണത്തിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കേരളത്തിലെ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതനുസരിച്ചാണ് സർവീസുകൾ പ്രഖ്യാപിക്കുന്നതെന്നും റെയിൽവേ മന്ത്രി പറഞ്ഞു. കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ നാടുകളിലേക്ക് പോകുന്ന മലയാളികൾക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനായി നൂറിലധികം പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് സതേൺ റെയിൽവേയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സാധാരണയായി ഓണക്കാലത്ത് മാസങ്ങൾക്ക് മുമ്പേതന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടാറുണ്ട്. അതിനാൽ, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളി യാത്രക്കാർക്ക് സ്പെഷ്യൽ ട്രെയിനുകൾ ആശ്വാസമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലേക്കുള്ള സർവീസുകൾക്ക് പുറമെ, പുരിയിലെ രഥയാത്രയോടനുബന്ധിച്ച് മുന്നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുമെന്നും മന്ത്രി അറിയിച്ചു.