ശബരിമലയിൽ നിറപുത്തരി ഓഗസ്റ്റ് 3ന്; പൂജകൾക്കായി ഓഗസ്റ്റ് രണ്ടിന് നട തുറക്കും

നിറപുത്തരിയോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാംപടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.      

ഓഗസ്റ്റ് മൂന്നിനാണ് നിറപുത്തരി. ഓഗസ്റ്റ് മൂന്നിന് രാവിലെ നാലുമണിക്ക് ദർശനത്തിനായി നട തുറക്കും. രാവിലെ 5.30ന് പതിനെട്ടാംപടിയ്ക്ക് സമീപത്തു നിന്നും നെൽകറ്റകൾ പ്രദക്ഷിണമായി ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിൽ എത്തിക്കും. രാവിലെ 5.40നും 6.20നും ഇടയിലുള്ള മുഹൂർത്തത്തിലാണ് നിറപുത്തരി പൂജകൾ നടക്കുക. വൈകിട്ട് 6.30 ന് പതിനെട്ടാംപടിയിൽ പടിപൂജ ഉണ്ടായിരിക്കും.

നിറപുത്തരിയോടനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി രാത്രി 10 മണിക്ക് നടയടയ്ക്കും. നിറപുത്തരി പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്ക് വെർച്ചൽ ക്യൂ വെബ്സൈറ്റ് വഴി (www.sabarimalaonline.org) ദർശനത്തിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യാവുന്നതാണ്.