പുത്തൻ വസ്ത്രങ്ങൾ ധരിക്കുന്നത് എല്ലാവർക്കും ഇഷ്‌ടമുള്ള കാര്യമാണ്. എന്നാൽ ആ പുതുമയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ നാം പലപ്പോഴും ശ്രദ്ധിക്കാറില്ല. വസ്ത്രങ്ങൾ ആദ്യമായി ഉപയോഗിക്കുന്നതിന് മുൻപ് അവ ഒന്ന് കഴുകുന്നത് ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണെന്ന് നോക്കാം.
നിങ്ങളുടെ കയ്യിൽ എത്തുന്നതിന് മുൻപ് ആ വസ്ത്രം കടന്നുപോകുന്ന വഴികൾ ഒന്ന് ആലോചിച്ചു നോക്കൂ. തുണി ഉത്പാദിപ്പിക്കുന്ന ഫാക്ടറികൾ, ഗോഡൗണുകൾ, ഷിപ്പിങ് കണ്ടെയ്‌നറുകൾ, ചില്ലറ വിൽപന ശാലകൾ എന്നിങ്ങനെ അനേകം ഇടങ്ങളിലൂടെയാണ് അവ സഞ്ചരിക്കുന്നത്. ഈ യാത്രയ്ക്കിടയിൽ പൊടിപടലങ്ങളും അഴുക്കും ബാക്ടീരിയകളും വസ്ത്രത്തിൽ പറ്റിപ്പിടിക്കാൻ സാധ്യതകളേറെയാണ്.
കടകളിൽ നിന്ന് ഡ്രസ്സ് വാങ്ങുമ്പോൾ നമ്മൾ പലപ്പോഴും അവ ട്രയൽ നോക്കാറുണ്ട്. നിങ്ങളല്ല ആ വസ്ത്രം ധരിച്ചു നോക്കുന്ന ആദ്യത്തെ വ്യക്തി എന്ന് ഓർക്കുക. പല വലുപ്പത്തിലുള്ള, പല ആരോഗ്യസ്ഥിതിയുള്ള ആളുകൾ അത് ധരിച്ചു നോക്കി കാണും. ഇതിലൂടെ ചർമ്മരോഗങ്ങളോ മറ്റ് അണുക്കളോ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ ചെറിയ സാധ്യതയെങ്കിലും നിലനിൽക്കുന്നുണ്ട്.
വസ്ത്രങ്ങൾ നിർമാണ വേളയിൽ വിവിധങ്ങളായ രാസവസ്‌തുക്കൾക്ക് വിധേയമാകുന്നുണ്ട്. തുണിത്തരങ്ങൾ ചുളിയാതിരിക്കാനും, നിറം മങ്ങാതിരിക്കാനും, പൂപ്പൽ പിടിക്കാതിരിക്കാനും പലപ്പോഴും ‘ഫിനിഷിങ് ഏജന്റുകൾ’ ഉപയോഗിക്കാറുണ്ട്. ഡൈകൾ, ഫോർമാൽഡിഹൈഡ് തുടങ്ങിയവ ഇതിൽ ചിലതാണ്. ഇവ നേരിട്ട് ചർമ്മത്തിൽ തട്ടുന്നത് അലർജിക്കും മറ്റ് അസ്വസ്‌ഥതകൾക്കും കാരണമായേക്കാം. പുതിയ വസ്ത്രങ്ങളിലെ രാസവസ്‌തുക്കളുടെ അംശം ചർമ്മവുമായി നേരിട്ട് സമ്പർക്കത്തിൽ വരുമ്പോൾ ‘കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്’ പോലുള്ള ചർമ്മരോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് സെൻസിറ്റീവ് സ്കിൻ ഉള്ളവരിലും എക്സിമ പോലുള്ള പ്രശ്നങ്ങളുള്ളവരിലും ഇത് വലിയ അസ്വസ്ഥതകൾക്ക് കാരണമാകുമെന്നാണ് വിദഗ്‌ധർ പറയുന്നത്.
മുതിർന്നവരേക്കാൾ വളരെ ലോലമായ ചർമമാണ് കുഞ്ഞുങ്ങൾക്കുള്ളത്. അതിനാൽ തന്നെ കെമിക്കലുകളോ പൊടിപടലങ്ങളോ അവരെ വേഗത്തിൽ ബാധിക്കും. അതുകൊണ്ട് കുഞ്ഞുങ്ങൾക്ക് വാങ്ങുന്ന പുതുവസ്ത്രങ്ങൾ വീര്യം കുറഞ്ഞ ഡിറ്റർജന്റുകൾ ഉപയോഗിച്ച് കഴുകി ഉണക്കിയ ശേഷം മാത്രം ധരിപ്പിക്കാൻ ശ്രദ്ധിക്കുക.
എല്ലാ വസ്ത്രങ്ങളും കഴുകി ഉപയോഗിക്കാൻ സാധിക്കില്ല എന്നതും ഒരു യാഥാർഥ്യമാണ്. ഉദാഹരണത്തിന് പട്ടുസാരികൾ, ബ്രൈഡൽ ലഹംഗകൾ, സ്യൂട്ടുകൾ എന്നിവ കഴുകിയാൽ അവയുടെ മിനുസം നഷ്‌ടപ്പെടാം. വെള്ളത്തിൽ കഴുകുന്നത് ഇവയുടെ ആകൃതി നശിപ്പിക്കാൻ കാരണമാകും. ഇത്തരം ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് വെയിലത്തോ തുറസ്സായ സ്ഥലത്തോ അൽപനേരം വിരിച്ചിടുന്നത് നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചർമവുമായി ഏറ്റവും ചേർന്നുനിൽക്കുന്നവ ആയതുകൊണ്ട് അടിവസ്ത്രങ്ങളും വർക്കൗട്ട് വസ്ത്രങ്ങളും നിർബന്ധമായും കഴുകി ഉപയോഗിക്കുക. ചില പുതുവസ്ത്രങ്ങളിൽ നിന്ന് നിറം ഇളകി മറ്റ് വസ്ത്രങ്ങളിൽ ആകാൻ സാധ്യതയുണ്ട്. അതിനാൽ ആദ്യത്തെ കഴുകൽ തനിച്ച് നടത്തുന്നതാണ് ഉചിതം. പുതിയ വസ്ത്രത്തിൻ്റെ ആ മണവും പുതുമയും നഷ്‌ടപ്പെടുമെന്ന് കരുതി കഴുകാതിരിക്കുന്നത് ചർമ്മരോഗങ്ങൾ ക്ഷമിച്ചു വരുത്തുന്നതിന് തുല്യമാണ്.
പുതുവസ്ത്രങ്ങൾ കഴുകുക എന്നത് ഒരു കർശനമായ നിയമമല്ലെങ്കിലും, അതൊരു നല്ല ശീലമാണ്. നമ്മുടെ ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും ഈ ചെറിയൊരു കരുതൽ വലിയ മാറ്റം കൊണ്ടുവരും. അടുത്ത തവണ ഒരു ഡ്രസ്സ് വാങ്ങുമ്പോൾ അത് അലമാരയിലേക്ക് വയ്ക്കുന്നതിന് മുൻപ് ഒന്ന് വാഷ് ചെയാൻ മറക്കരുത്!
