വൈദ്യശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്; പുരസ്കാരം ഒപ്‌റ്റോജെനറ്റിക്‌സിനെ കുറിച്ചുള്ള പഠനത്തിന്

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിനു അമേരിക്കൻ ശാസ്ത്രജ്‌ഞനായ കാൾ ഡൈസറോത്ത്, ജർമ്മൻ ഗവേഷകരായ പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർ അർഹരായി. ലൈറ്റ് -ഗേറ്റഡ് അയോൺ ചാനലുകളെയും ഒപ്റ്റോജെനെറ്റിക്സിനെയും കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് ഇക്കുറി വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. മസ്‌തിഷ്‌കത്തിൽ വികാരങ്ങളും ഓർമകളും രൂപപ്പെടുത്തുന്നത് എങ്ങനെയാണെന്ന് തിരിച്ചറിയാനുള്ള പഠനത്തിലേക്കുള്ള പാത തുറന്നിട്ട ഗവേഷണമാണ് ഇവർ നടത്തിയത്.

നാഡികോശങ്ങൾ ഓർമ്മകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കുന്നത് എപ്രകാരമാണെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഒപ്റ്റോജെനെറ്റിക്‌സ്. മസ്‌തിഷ്ക പഠനങ്ങളിൽ പുതിയൊരു യുഗത്തിന് തറക്കല്ലിട്ട ഗവേഷകരാണ് ഇവർ എന്ന് നൊബേൽ സമിതി വിലയിരുത്തി സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ നൊബേൽ അസംബ്ലിയാണ് സമ്മാനം പ്രഖ്യാപിച്ചത്. ജീവശാസ്ത്രത്തിലോ വൈദ്യശാസ്ത്രത്തിലോ ഉള്ള പ്രധാന കണ്ടെത്തലുകൾക്കാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നൽകി ആദരിക്കുന്നത്.

ആൽഫ്രഡ് നൊബേലിൻ്റെ ചരമവാർഷികദിനമായ ഡിസംബർ 10നാണ് പുരസ്ക‌ാരം സമ്മാനിക്കുന്നത്.