മാക്കേക്കടവ്-നേരേകടവ് പാലം ഉദ്ഘാടനം നാളെ രാവിലെ മുഖ്യമന്ത്രി നിർവഹിക്കും

വേമ്പനാട് കായലിന് കുറുകെ ആലപ്പുഴ – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലം ഉദ്ഘാടനം നാളെ രാവിലെ 9ന് മാക്കേക്കടവിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷിർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, എം ലിജു ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്‌മാൻ എംപിമാരായ കെ സി വേണുഗോപാൽ, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ കെ ബിനിമോൻ, നാട്ടകം സുരേഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ എ മഹിന്ദ്രൻ, ജോഷി ഫിലിപ്, കലക്ടർമാരായ ഷാജി വി നായർ, ചേതൻകുമാർ മീണ, മുൻ എംപി എ എം ആരിഫ മുൻ എംഎൽഎ ദലീമ ജോജോ, ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദ് എന്നിവർ വിശിഷ്‌ടാതിഥികളാകും.

തുറവൂർ – പമ്പ പാത പദ്ധതിയുടെ രണ്ടാമത്തെ പാലമാണ് മാക്കേക്കെടവ് -നേരേകടവ്. ആദ്യ പാലം തൈക്കാട്ടുശേരി – തുറവൂർ പാലം 2015ൽ പൂർത്തിയായിരുന്നു. 2017 ജനുവരിയിലാണ് മാക്കേക്കടവ് – നേരേകടവ് പാലത്തിന് തറക്കല്ലിടുന്നത് വൈകാതെ നിർമാണം തുടങ്ങിയെങ്കിലും സ്‌ഥലമെടുപ്പ് തർക്കം കോടതി കേസുകൾ ആയതിനെ തുടർന്ന് വർഷങ്ങളോളം തടസ്സപ്പെട്ടു പരിഹരിച്ച് 2024 മാർച്ചിലാണ് നിർമാണം പുനരാരംഭിച്ചത്. സംസ്ഥാന ഫണ്ടിൽ 98.09 കോടി രൂപയാണ് ചെലവ്. 800 മീറ്റർ നീളത്തിലും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലുമുള്ള പാലത്തിന്റെ പടിഞ്ഞാറെക്കര ആലപ്പുഴ തൈക്കാട്ടുശേരി പഞ്ചായത്തിലെ മാക്കേക്കടവിലും കിഴക്കേക്കര കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ നേരേകടവിലുമാണ്. കാർ ഉൾപ്പെടെ വലിയ വാഹനങ്ങളുമായി ഇരുകര നിവാസികൾക്ക് കായൽ കടക്കാൻ കിലോമീറ്റർ കടന്നുള്ള തണ്ണീർമുക്കം ബണ്ടിനെയാണ് നിലവിൽ ആശ്രയിക്കുന്നത്.

മാക്കേക്കടവ് – നേരേകടവ് പാലം ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പാലത്തിലെ തെരുവുവിളക്കുകൾക്ക് കെഎസ്ഇബി വൈദ്യുതി കണക്‌ഷൻ നൽകി. പാലത്തിലും അപ്രോച്ച് റോഡിലുമായി 37 തെരുവുവിളക്കുകളാണുള്ളത്. മാക്കേക്കടവിൽ പാലത്തോട് ചേർന്ന് പന്തലിന്റെയും വേദിയുടെയും നിർമാണം പൂർത്തിയായി 2500 പേരെ ഉൾക്കൊള്ളാവുന്ന പന്തലും 50 പേർക്ക് ഇരിക്കാവുന്ന വേദിയുമാണ് സജ്ജമാക്കിയിരിക്കുന്നത്.