അധ്യാപകർ തിരഞ്ഞെടുപ്പു കമ്മിഷന്റെ എസ്ഐആർ പ്രവർത്തനങ്ങളുടെ തിരക്കിലായതോടെ, പഠനം മുടങ്ങാതിരിക്കാൻ സ്കൂളുകളിൽ പതിനായിരത്തിലേറെ താത്കാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ തീരുമാനം. അധ്യാപകരടക്കം വിവിധ സർക്കാർ ജീവനക്കാരെ തിരഞ്ഞെടുപ്പു കമ്മിഷൻ ബിഎൽഒ(ബൂത്ത് ലെവൽ ഓഫീസർ)മാരായി നിയമിച്ച സാഹചര്യത്തിലാണിത്. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് ഉത്തരവിറക്കി.
സർക്കാർ സ്കൂളുകളിലെ അധ്യാപകരെ ബിഎൽഒമാരാക്കിയത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നു കാണിച്ച് കെഎസ്ടിഎ ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി മന്ത്രി വി. ശിവൻകുട്ടിക്കു നൽകിയ കത്ത് പരിഗണിച്ചാണ് നടപടി. ബിഎൽഒമാരായി നിയോഗിക്കപ്പെട്ടവർക്കുപകരമായി താത്കാലിക അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ, കെപിപിഎച്ച്എ എന്നീ സംഘടനകളും നിവേദനം നൽകിയിരുന്നു.
സംസ്ഥാനത്തെ എസ്ഐആർ പ്രവർത്തനങ്ങൾക്കായി സർക്കാർ സർവീസിലുള്ള 30,000 പേരെയാണ് ബിഎൽഒമാരായി ചുമതലപ്പെടുത്തിയിട്ടുള്ളത്. നവംബർ നാലുമുതൽ ഡിസംബർ നാലുവരെയാണ് നിയമനമെങ്കിലും നീട്ടേണ്ടിവരുമെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു.
ബിഎൽഒമാരിൽ പതിനായിരത്തിലേറെപ്പേർ സർക്കാർ സ്കൂളുകളിലെ അധ്യാപകരാണ്. എൽപിമുതൽ ഹൈസ്കൂൾവരെയുള്ളവരും ഹയർ സെക്കൻഡറിയിൽ ഗസറ്റഡ് അല്ലാത്ത അധ്യാപകരും ബിഎൽഒമാരായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.
