ആശുപത്രി ജീവനക്കാരുടെ ഇടപെടൽ രോഗീസൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; മെഡിക്കൽ ഓഫീസർമാരൊഴികെ എല്ലാവർക്കും പരിശീലനം

സർക്കാർ മെഡിക്കൽകോളേജുൾപ്പെടെ എല്ലാ ആശുപത്രികളിലേയും ജീവനക്കാരുടെ ഇടപെടൽ രോഗീസൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്. മെഡിക്കൽ ഓഫീസർമാരൊഴികെ എല്ലാവർക്കും പരിശീലനം നൽകാനാണ് ഉത്തരവ്. ജീവനക്കാരുടെ മോശം പെരുമാറ്റവും സഹായമനോഭാവം ഇല്ലായ്മയും സംബന്ധിച്ച് രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും നിരന്തരം പരാതി ലഭിക്കുന്ന സാഹചര്യത്തിലാണ് ഇടപെടൽ.

രോഗീപരിചരണം, രോഗത്തെക്കുറിച്ചും ആശുപത്രിയിലെ വിവരങ്ങളെക്കുറിച്ചുമുള്ള കൃത്യമായ ആശയവിനിമയം, പൊതുജന സമ്പർക്കം, തൊഴിൽ ധാർമികത, നല്ല പെരുമാറ്റം, പരാതി പരിഹാരം തുടങ്ങിയവയാണ് പഠിപ്പിക്കാനുദ്ദേശിക്കുന്നത്.

മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, വനിതാ-ശിശു ആശുപത്രികൾ, മോഡൽ ആശുപത്രികൾ, താലൂക്കാശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് പരിശീലനം.

പാഠ്യപദ്ധതി രൂപവത്കരിക്കാനും മെഡിക്കൽകോളേജിലെ ജീവനക്കാർക്ക് പരിശീലനം നടത്താനും അപ്പെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിനാണ് ചുമതല. ഓരോ മെഡിക്കൽ കോളേജിൽ നിന്നും നാലുപേരെവീതമാണ് ഇവർ പരിശീലിപ്പിക്കുക. ശേഷം ഇവർ മെഡിക്കൽകോളേജിലെ മറ്റ് ജീവനക്കാരെ പരിശീലിപ്പിക്കണം.

ജില്ലാ ആശുപത്രി മുതൽ താലൂക്കാശുപത്രിവരെയുള്ള ഇടങ്ങളിലെ ജീവനക്കാരിൽ തിരഞ്ഞെടുത്തവരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ എന്ന സ്ഥാപനമാണ് പരിശീലിപ്പിക്കുക. ഇവിടെനിന്ന് പരിശീലനം കിട്ടിയ ജീവനക്കാർ ജില്ലാതലത്തിലും സ്ഥാപനതലത്തിലും മറ്റുജീവനക്കാർക്ക് പരിശീലനം നടത്തേണ്ടതാണ്.

ആശുപത്രി പ്രവർത്തനങ്ങൾക്ക് തടസ്സമാകാത്ത രീതിയിൽ പത്തുപേരുൾപ്പെട്ട ബാച്ചുകളായിവേണം പരിശീലനം നടത്താൻ. മെഡിക്കൽ എജുക്കേഷൻ ഡയറക്‌ടറും ഹെൽത്ത് സർവീസസ് ഡയറക്‌ടറും മേൽനോട്ടം വഹിക്കണം. രണ്ടു മാസത്തിനകം പരിശീലനം പൂർത്തിയാക്കാനാണ് നിർദേശം.

പരിശീലനത്തിൽ പങ്കെടുക്കാത്ത സുരക്ഷാ ജീവനക്കാരെ ജോലിയിൽ തുടരാനനുവദിക്കില്ല. സ്ഥിരം ജീവനക്കാർ-കരാർ- പുറത്തുനിന്ന് സുരക്ഷാ ഏജൻസികൾ നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ തുടങ്ങി എല്ലാ ജീവനക്കാരും പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കണം.

പല ആശുപത്രികളിലും സുരക്ഷാജീവനക്കാരുടെ മോശം പെരുമാറ്റമാണ് തർക്കങ്ങളിലെത്താറുള്ളതെന്നും പരാതിയുണ്ടാകാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക നിർദേശം.