സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്നും നാളെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളിലും നാളെ ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഞായറാഴ്ച ഇടുക്കി ജില്ലയിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. നവംബര്‍ എട്ട് വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നവംബര്‍ ഒന്‍പത്, പത്ത് തീയതികളിലും ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതേസമയം, കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (നവംബര്‍ 7) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
