സംസ്ഥാനത്തെ കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ ജോലി ഉറപ്പാക്കുന്ന സ്പോർട്‌സ് ക്വാട്ട നിയമന നടപടികൾ പരിഷ്‌കരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. ഇതിന്റെ ഭാഗമായി 2020-24 കാലയളവിലെ 243 ഒഴിവുകളിലേക്ക് ഉടൻ അപേക്ഷ ക്ഷണിക്കും. നിയമന നടപടികൾ കാലോചിതമായി പരിഷ്കരിക്കുന്നതിനൊപ്പം കൂടുതൽ കായിക മത്സരങ്ങളെക്കൂടി യോഗ്യതയായി പരിഗണിക്കാനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ (2010-2019) സ്പോർട്‌സ് ക്വാട്ട നിയമനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ അടുത്ത അഞ്ച് വർഷത്തെ (2020-2024) നിയമനങ്ങളിലേക്ക് സർക്കാർ കടക്കുന്നത്. ഇതോടെ ആകെ 15 വർഷത്തെ സ്പോർട്‌സ് ക്വാട്ട നിയമനങ്ങൾ ഈ സർക്കാരിന്റെ കാലയളവിൽ പൂർത്തിയാകും. കഴിഞ്ഞ പത്ത് വർഷത്തിനിടെ 500 പേർക്ക് സ്പോർട്‌സ് ക്വാട്ട വഴി ജോലി നൽകിയിട്ടുണ്ട്. ഇതിനു പുറമെ കെഎസ്ഇബി, കേരള പൊലീസ് എന്നിവടങ്ങളിലും പ്രത്യേക പരിഗണനയിലുമായി മറ്റ് 500 പേർക്കും നിയമനം നൽകി.
കൂടുതൽ താരങ്ങൾക്ക് അവസരം നൽകുന്നതിനായി നിയമനത്തിനുള്ള യോഗ്യതകളിൽ വിപുലമായ മാറ്റം വരുത്തി. ഇനി മുതൽ അംഗീകൃത ഫെഡറേഷനുകൾ നടത്തുന്ന കോമൺവെൽത്ത് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്. കുറഞ്ഞത് എട്ട് രാജ്യങ്ങൾ പങ്കെടുക്കുന്ന അംഗീകൃത അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾ.
ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് എന്നീ നേട്ടങ്ങളും സ്പോർട്‌സ് ക്വാട്ടയ്ക്ക് പരിഗണിക്കും. ഉത്തേജക മരുന്ന് വിവാദത്തിൽ ഉൾപ്പെടുന്നവരെ നിയമനങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുന്ന കർശന വ്യവസ്ഥയിലും മാറ്റം വരുത്തി. പുതിയ ഭേദഗതി പ്രകാരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന പ്രത്യേക മത്സരവും അതിൻ്റെ ശിക്ഷാ കാലയളവും മാത്രമായിരിക്കും അയോഗ്യതയായി കണക്കാക്കുക. ശിക്ഷാ കാലയളവിന് പുറമെയുള്ള താരത്തിന്റെ മറ്റ് കായിക നേട്ടങ്ങൾ നിയമനത്തിനായി പരിഗണിക്കും. കായികതാരങ്ങളുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഈ വിപ്ലവകരമായ മാറ്റം കേരളത്തിലെ കായിക മേഖലയ്ക്ക് വലിയ കരുത്താകും.
