സ്വർണവില‍ റെക്കോർഡുകൾ വാരിക്കൂട്ടിയ മാസം

സ്വർണവിലയിൽ റെക്കോർഡുകളുടെ മാസമായിരുന്നു ഒക്ടോബർ. ഇന്നുൾപ്പെടെ ഈ മാസം 12 തവണയാണ് വില പുതിയ റെക്കോർഡിടുന്നത്. ഒന്നാം തീയതി പവന് 56,400 രൂപയിലാരംഭിച്ച സ്വർണവ്യാപാരം മാസത്തിലെ അവസാന ദിവസം 59,640 രൂപയിലാണ് എത്തി നിൽക്കുന്നത്. ഒറ്റ മാസത്തിൽ പവന് 3240 രൂപയാണ് വർധിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം 1120 രൂപ കൂടി.  ഇന്ന് 120 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7455 രൂപയാണ് നൽകേണ്ടത്. ഈ മാസം ഇതുവരെ ഗ്രാമിന്റെ വില 7000 രൂപയിൽ താഴേക്ക് പോയിട്ടേയില്ല. ഇക്കണക്കിന് പോയാൽ ഈയടുത്ത ദിവസങ്ങളിൽ തന്നെ ഒരു പവൻ സ്വർണത്തിന്റെ വില 60,000 കടക്കുമെന്നാണ് വിപണി വിദ​ഗ്ധർ വിലയിരുത്തുന്നത്.

ഒക്ടോബർ നാലിനായിരുന്നു സ്വർണവില ഈ മാസത്തെ റെക്കോർഡ് കുതിപ്പ് തുടങ്ങിയത്. വില അതുവരെയുള്ള ഏറ്റവും ഉയർന്ന തുകയായ 56,960 രൂപയിലെത്തി. ഒക്ടോബർ 16ന് വില 57,000വും 26ന് 58,000വും കടന്നു. ചൊവ്വാഴ്ചയാണ് സ്വർണവില 59,000 കടന്നത്.  ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

രാജ്യാന്തര വിപണിയിൽ വില കുതിച്ചുകയറുന്നതാണ് സംസ്ഥാനത്തും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതുകൊണ്ട് തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും രാജ്യത്ത് പ്രതിഫലിക്കും.

റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ സ്വർ‌ണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. കൂടുതൽ സുരക്ഷിതമെന്ന നിലയ്ക്ക് നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് മാറിയതും വിലവർധനവിന് കാരണമാകുന്നുണ്ട്. ഇസ്രയേലിന്റെ ലബനൻ, പലസ്തീൻ ആക്രമണവും ഇറാനുമായുള്ള സംഘർഷാന്തരീക്ഷവും നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമെല്ലാം സ്വർണ വിലയിൽ കൂടുതൽ കുതിച്ചു ചാട്ടങ്ങൾക്ക് കാരണമാകും. തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ അഞ്ചിന് മുമ്പ് അന്താരാഷ്ട്ര വില 2800 ഡോളറിലെത്തിക്കുമെന്നാണ് വിപണി വിദ​​ഗ്‌ധർ പറയുന്നത്.