തൊഴിലെടുക്കുന്നവരെ ആശ്രയിക്കുന്ന വയോധികർ സംസ്ഥാനത്ത് കൂടുന്നു; രാജ്യത്ത് ഒന്നാം സ്ഥാനത്ത് കേരളം

തൊഴിലെടുക്കുന്നവരെ ആശ്രയിക്കുന്ന വയോധികരുടെ എണ്ണത്തിൽ രാജ്യത്ത് കേരളം ഒന്നാമത്. 2031-ൽ 65-നുമേലുള്ള 100 പേരിൽ 34 പേരും തൊഴിലെടുക്കുന്നവരെ ആശ്രയിക്കുന്നവരാകും. വയോധികരുടെ സാമ്പത്തികസ്ഥിതിയുടെ അളവുകോലായി അന്താരാഷ്ട്രതലത്തിലുള്ള മാനദണ്ഡമായ വയോജന-ആശ്രയത്വ അനുപാതത്തിലെ കണക്കുകളാണിത് വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷം സംസ്ഥാനസർക്കാർ നിയമസഭയിൽവെച്ച സാമ്പത്തിക സ്ഥിതിവിവരക്കണക്കിലാണ് ഈ വിവരമുള്ളത്.

65-ഉം അതിനുമുകളിലും പ്രായമുള്ളവരുടെ എണ്ണം തൊഴിലെടുക്കുന്ന പ്രായ പരിധിയിലുള്ളവരുമായി (2064) താരതമ്യപ്പെടുത്തുന്നതാണ് വയോജന -ആശ്രയത്വ അനുപാതം (ഒ.എ.ഡി.ആർ.-ഓൾഡ് ഏജ് ഡിപ്പൻഡൻസി റേഷ്യോ). ജനനനിരക്കിലെ ഇടിവും ഉയർന്ന ആയുസ്സുമാണ് കേരളത്തിലെ അനുപാതമുയരാനുള്ള പ്രധാന കാരണങ്ങൾ. മെച്ചപ്പെട്ട ആരോഗ്യപരിചരണവും വിദ്യാഭ്യാസവും യുവജനങ്ങളുടെ വിദേശ കുടിയേറ്റവുമാണ് മറ്റു കാരണങ്ങൾ.

ദേശീയതലത്തിൽ അനുപാതം ഇപ്പോൾ 16 ആണ്. 2031-ൽ രാജ്യത്തെ ഈ അനുപാതം ഇപ്പോൾ കേരളത്തിലുള്ളതിന്റെ അത്രപോലും എത്തില്ല. അന്ന് രാജ്യത്ത് 20 ആയിരിക്കുമെന്നാണ് പ്രവചനം.

 

കേരളത്തിൽ 2011-ൽ 14.2 ആയിരുന്നിടത്തുനിന്നാണ് 15 വർഷം കൊണ്ട് ഇരട്ടിയോളമെത്തിയത്. സർക്കാർ പുതുതായി രൂപം കൊടുത്ത വയോജന ക്ഷേമ വകുപ്പിന്റെ മുൻഗണനാ വിഷയങ്ങളിൽ ഇക്കാര്യങ്ങൾ ഗൗരവമായെടുക്കേണ്ടിവരും.

തമിഴ്നാട്, ഹിമാചൽപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നിലുള്ളത്. ബിഹാറാണ് ഈ അനുപാതം ഏറ്റവും കുറഞ്ഞത്. ഉത്തർപ്രദേശ്, ഝാർഖണ്ഡ് എന്നിവയാണ് കുറവുള്ള മറ്റു സംസ്ഥാനങ്ങൾ.

ലോകത്തെ ഏറ്റവും ഉയർന്ന വയോജന ആശ്രയത്വ അനുപാതമുള്ള രാജ്യം ജപ്പാനാണ്. ഇപ്പോൾ അവിടെ 50 ശതമാനമാണിത്. 2050-ഓടെ 80 ശതമാനംവരെ എത്തിയേക്കുമെന്നാണ് പ്രവചനം.