സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് കിട്ടണമെങ്കിൽ മൂന്നു ടെസ്റ്റുകൾ പാസാകണം. ലേണേഴ്സ് ടെസ്റ്റും ഗ്രൗണ്ട് & റോഡ് ടെസ്റ്റ് കൂടാതെ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി പാസ് ആകണം. ഡിസംബർ ഒന്നു മുതൽ പുതിയ രീതി നടപ്പിലാകും.
റോഡപകടങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് ഡ്രൈവർമാരുടെ ശ്രദ്ധക്കുറവും റോഡിൽ വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള വിലയിരുത്തലിലെ പിഴവുകളുമാണെന്ന് പഠനങ്ങൾ പറയുന്നത്. റോഡിലെ അപകടങ്ങൾ യഥാസമയം തിരിച്ചറിഞ്ഞാൽ, മിക്ക അപകടങ്ങളെയും തടയാൻ കഴിയും. പരിശീലനത്തിലൂടെയും പരിശോധനയിലൂടെയും അപകടബോധം വളർത്തിയെടുക്കുന്നതിനാണ് പുതിയ ടെസ്റ്റിങ് രീതി പരിക്ഷിക്കാനൊരുങ്ങുന്നത്.
ലൈസൻസ് കിട്ടാൻ മൂന്നു കടമ്പകൾ
ഡ്രൈവിങ് ലൈസൻസ് കിട്ടണമെങ്കിൽ മൂന്നു ടെസ്റ്റുകൾ പാസാകണം. വർധിച്ചുവരുന്ന റോഡപകടങ്ങൾ കണക്കിലെടുക്കുമ്പോൾ, സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ നിർദേശങ്ങൾ നടപ്പിൽവരുത്തുന്നത്. നിലവിൽ ലൈസൻസ് കിട്ടണമെങ്കിൽ ലേണേഴ്സ് ടെസ്റ്റ് പാസായി 30 ദിവസത്തിനു ശേഷം ഗ്രൗണ്ട് ടെസ്റ്റിനു അപേക്ഷിക്കാമായിരുന്നു. ഇനിയത് പറ്റില്ല. സംസ്ഥാനത്ത് ഡ്രൈവർ പരിശീലനവും പരിശോധനയും പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി 2026 ഡിസംബർ ഒന്നുമുതൽ നിലവിലുള്ള പാർട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ്), പാർട്ട് 2 (റോഡ് ടെസറ്റ്) എന്നിവയ്ക്ക് മുൻപായി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി ഉൾപ്പെടുത്തും.
എന്താണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്?
റോഡിലെ അപകടസാധ്യതകളും പ്രതിസന്ധികളും മുൻകൂട്ടി കണ്ട് വാഹനം നിയന്ത്രിക്കാനുള്ള ഡ്രൈവറുടെ കഴിവ് പരിശോധിക്കുന്നതാണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്. ഓൺലൈൻ ആയിട്ടാകും ടെസ്റ്റ് നടപ്പിലാക്കുക. ലേണേഴ്സ് ടെസ്റ്റ് പാസായി 30 ദിവസത്തിനു ശേഷം അപേക്ഷകർക്ക് ഈ ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. വിവിധ അപകട സാഹചര്യങ്ങൾ അടങ്ങുന്ന 10 വിഡിയോകൾ പരിശോധിച്ച് ഹസാർഡ് കൃത്യമായി മാർക്കു ചെയ്യുകയാണ് പരീക്ഷാ രീതി. ആകെ 60 ശതമാനം മാർക്ക് ലഭിക്കുന്ന മത്സരാർഥി വിജയിക്കും. ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് വിജയിച്ചാൽ മാത്രമേ പാർട്ട് 1, പാർട്ട് 2 ടെസ്റ്റുകളിൽ പങ്കെടുക്കാനാകൂ.
