ഡിജിറ്റൽ ഡീടോക്സിനായി സ്ക്രോൾ ബ്രേക്ക് ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാമിൽ ഏറെനേരം സമയംചെലവഴിച്ചുകഴിയുമ്പോൾ പെട്ടെന്ന് സ്ക്രോൾചെയ്യാൻ കഴിയാതെവരും, ഒപ്പം ‘ടൈം ഫോർ എ സ്ക്രോൾ ബ്രേക്ക്’ എന്നൊരു മുന്നറിയിപ്പുമുണ്ടാകും. നിങ്ങൾ ഒരുപാടുനേരമായി ഇൻസ്റ്റഗ്രാം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും ചെറിയ ഒരു ഇടവേളയെങ്കിലും എടുക്കൂ എന്നുമാണ് പോസ് ചിഹ്നത്തിനൊപ്പം വരുന്ന ഈ ഫീച്ചർ ഉപഭോക്താക്കളെ ഓർമ്മിപ്പിക്കുന്നത്. സാമൂഹികമാധ്യമത്തിന്റെ അമിതോപയോഗം നിയന്ത്രിക്കാൻ ഇൻസ്റ്റഗ്രാം തന്നെ മുൻകൈയെടുത്തതിന്റെ ഭാഗമായാണ് ഈ പുതിയ ഫീച്ചർ. ആളുകളെ ‘ഡിജിറ്റൽ ഡീടോക്സി’നെക്കുറിച്ച് ഓർമ്മപ്പെടുത്തുകയാണിത്.

ദീർഘനേരത്തെ സ്‌മാർട്ട്ഫോൺ ഉപയോഗം കണ്ണിനെയും തലച്ചോറിനെയുമെല്ലാം ബാധിക്കും. അവയ്ക്ക് വിശ്രമംകൊടുക്കാനും നടുവും കഴുത്തുമൊക്കെ ഒന്ന് ചലിപ്പിച്ച് നേരേയിരിക്കാനുമൊക്കെയാണ് ഇൻസ്റ്റഗ്രാം ഉപഭോക്താക്കളോട് പറയുന്നത്. അനന്തമായ സ്ക്രോളിങ് ഒരു ലഹരിപോലെ നമ്മെ അടിമകളാക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഡിജിറ്റൽ ഡീടോക്സ്

സ്മ‌ാർട്ട്ഫോൺ, കംപ്യൂട്ടർ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ആളുകൾ സ്വയമെടുക്കുന്ന താത്കാലിക ഇടവേളയാണ് ഡിജിറ്റൽ ഡീടോക്‌സ്‌. സമ്മർദം കുറയ്ക്കുക, ഉറക്കം മെച്ചപ്പെടുത്തുക, ഏകാഗ്രത വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.