രാജ്യത്തെ മൂന്നാമത്തെ ആണവ മിസൈൽ അന്തർവാഹിനി ‘ഐഎൻഎസ് അരിദമൻ’ കമ്മീഷൻ ചെയ്തു

ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടുകൊണ്ട്, തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (SSBN) ഐഎൻഎസ് അരിദമൻ നാവികസേനയുടെ ഭാഗമായി. അതിതീവ്ര രഹസ്യസ്വഭാവത്തോടെ നിർമ്മാണം പൂർത്തിയാക്കിയ അരിദമൻ മാസങ്ങൾ നീണ്ട സമുദ്രപരീക്ഷണങ്ങൾക്ക് ശേഷമാണ് കമ്മീഷൻ ചെയ്തത്.

ശത്രുരാജ്യങ്ങളുടെ റഡാർ കണ്ണുകളിൽ പെടാതെ കടലിനടിയിൽ മാസങ്ങളോളം കഴിയാൻ ഈ സബ്‌മറൈന് സാധിക്കും. പതിറ്റാണ്ടുകളുടെ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമാണ് രാജ്യത്തെ ന്യൂക്ലിയർ സബ്മറൈൻ നിര.

അരിഹന്ത് ക്ലാസ് സബ്‌മറൈൻ

ഇന്ത്യയുടെ ആദ്യ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്ത്, രണ്ടാമത്തെ അന്തർവാഹിനിയായ ഐഎൻഎസ് അരിഘാത് എന്നിവയുടെ ഗണത്തിലേക്കാണ് ഇപ്പോൾ അരിദമനും ചേർന്നിരിക്കുന്നത്. കേരളത്തിലെ നാവിക താവളത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തു. ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇല്ലാതെയായിരുന്നു ചടങ്ങ്.

നിലവിൽ അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ‘ന്യൂക്ലിയർ പവർ’ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഇടംപിടിച്ചിരിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ (BARC) വികസിപ്പിച്ചെടുത്ത 83 MW കോംപാക്ട് ലൈറ്റ് വാട്ടർ റിയാക്ട‌റാണ് (CLWR) ഇതിൽ ഉപയോഗിക്കുന്നത്.