1950ല്‍ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. ‘വികസിത ഭാരത്’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. നാരീ ശക്തിയുടെ വിളംബരം കൂടിയാണ് ഇത്തവണത്തെ പരേഡ് എന്നതും പ്രസക്തം. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാണ്. ഇതാണ് റിപ്പബ്ലിക് എന്ന വാക്കിന്‍റെ അർത്ഥം. രാജ്യം പരമാധികാര രാഷ്ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവും. ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുന്നു.
കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. തുടർന്ന് വിവിധ സൈനിക വിഭാഗങ്ങളുടെ ശക്തി വിളിച്ചോതി പരേഡ് നടക്കും. പിന്നാലെ സംസ്ഥാനങ്ങളുടെ ടാബ്ളോകളും മാർച്ച് പാസ്റ്റും നടക്കും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ പത്മ – സൈനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. നാലുദിവസം നീളുന്ന ആഘോഷ പരിപാടികൾ ജനുവരി 29ന് നടക്കുന്ന റിട്രീറ്റ് സെറിമണിയോടുകൂടി അവസാനിക്കും.