മത്തിക്ക് 10 സെന്റീമീറ്റർ, അയലക്ക് 14, വങ്കടക്ക് വേണ്ടത് 19: ഇല്ലെങ്കിൽ പിഴ രണ്ടരലക്ഷം രൂപ

ഓരോ മത്സ്യത്തിനും നിശ്ചയിച്ചിരിക്കുന്ന വലിപ്പമാകുന്നതിന് മുൻപ് അതിനെ പിടിച്ചാൽ പിഴ ചുമത്താൻ ഫിഷറീസ് വകുപ്പ്. ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കടലിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനാണ് 58 ഇനത്തിൽപ്പെട്ട ചെറുമീനുകളെ പിടിക്കുന്നത് തടഞ്ഞുകൊണ്ട് ഫിഷറീസ് വകുപ്പ് ഈ നിയമം കൊണ്ടുവന്നത്.

നിലവിൽ മത്തി, കിളിമീൻ, അയല, നെയ്മീൻ തുടങ്ങിയ നിരവധി മത്സ്യങ്ങൾക്ക് നിശ്ചിത വലിപ്പം നിശ്ചയിച്ചിട്ടുണ്ട്. ഈ വലിപ്പം ആകുന്നതിനുമുൻപ് അവയെ പിടിച്ച രണ്ട് മത്സ്യബന്ധന ബോട്ടുകൾക്ക് കഴിഞ്ഞദിവസം ഫിഷറീസ് വകുപ്പ് പരമാവധി തുകയായ രണ്ടര ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു.

ബോട്ടുകളുടെ കുതിരശക്തിയുടെ അടിസ്ഥാനത്തിൽ 500 രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെയാണ് പിഴ ചുമത്തുന്നത്. ഒരു ബോട്ട് രണ്ടാമത്തെ തവണയും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാൽ പിഴ ഇരട്ടിയാകുമെന്നും ഫിഷറീസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല മത്സ്യത്തിന് നിയമാനുസൃതമായ കുറഞ്ഞ വലിപ്പം രേഖപ്പെടുത്തിയ സർക്കാർ ഉത്തരവ് പാലിക്കാത്ത ബോട്ടുകളുടെ പേരിൽ കർശന നടപടിയുണ്ടാകുമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.

മീനുകൾക്ക് നിശ്ചയിച്ച കുറഞ്ഞ വലിപ്പം

. മത്തി- 10 സെന്റീമീറ്റർ

. നെയ്മീൻ- 50 സെന്റീമീറ്റർ

. അയല- 14 സെന്റീമീറ്റർ

. കിളിമീൻ- 12 സെന്റീമീറ്റർ

. മാന്തൽ- 9 സെന്റീമീറ്റർ

. വങ്കട- 19 സെന്റീമീറ്റർ

. കലവ- 18 സെന്റീമീറ്റർ

. കരിക്കൊടി ചെമ്മീൻ- 7 സെന്റീമീറ്റർ

. പൂവാലൻ ചെമ്മീൻ- 6 സെന്റീമീറ്റർ

. കൂന്തൽ- 8 സെന്റീമീറ്റർ