കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർമാനായി കേരള സർവകലാശാല ബയോഇൻഫർമാറ്റിക്സ് വിഭാഗം മുൻ മേധാവി ഡോ. അച്യുത് ശങ്കര്‍ നിയമിതനായി. ബോംബെ ഐഐടിയിൽ നിന്ന് എംടെക് നേടിയ അച്യുത് ശങ്കർ കേംബ്രിജ് ബെർക്ലി സ്കോളറായി ഭാഷാ കംപ്യൂട്ടിങ്ങിൽ എംഫിൽ നേടി. എൻജിനീയറിങ്ങിലും സംഗീതത്തിലും പിഎച്ച്‌ഡിയുണ്ട്.
കേരള സര്‍വകലാശാലയിലെ ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് വിഭാഗത്തിന്റെ മുന്‍ പ്രൊഫസറും മേധാവിയുമായിരുന്ന ഡോ. അച്യുത് ശങ്കര്‍, വൈവിധ്യമാര്‍ന്ന ശാസ്ത്ര-കലാ മേഖലകളില്‍ ഒരുപോലെ കഴിവ് തെളിയിച്ചിട്ടുള്ള പ്രമുഖ വ്യക്തിത്വമാണ്. മികച്ച ഒരു പണ്ഡിതന്‍, അധ്യാപകന്‍, ഗവേഷകന്‍ എന്നീ നിലകളില്‍ മാത്രമല്ല, വിവരസാങ്കേതിക (ഐ.ടി) വിദഗ്ധന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും അദ്ദേഹം ഏറെ പ്രശസ്തനാണ്.
മലയാളത്തിൽ സാങ്കേതിക വിജ്ഞാനം ജനകീയമാക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിക്കുന്ന ഇൻഫോകൈരളി മാസികയുടെ ആരംഭകാലം മുതൽ അദ്ദേഹം പ്രവർത്തനരംഗത്തുണ്ട്. മാസികയുടെ വളർച്ചയിലും വികസനത്തിലും നിർണായക പങ്കുവഹിച്ച അദ്ദേഹം, നിലവിൽ ഇൻഫോകൈരളി മാസികയുടെ എഡിറ്റോറിയൽ ബോർഡ് ചെയർമാനായി പ്രവർത്തിക്കുന്നു.
2001 മുതല്‍ 2004 വരെയുള്ള കാലയളവില്‍ സി-ഡിറ്റ് (C-DIT) ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം, സംസ്ഥാന സര്‍ക്കാരിന്റെ നിരവധി സുപ്രധാന വിവരസാങ്കേതിക വികസന പദ്ധതികള്‍ക്ക് വിജയകരമായി നേതൃത്വം നല്‍കിയിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍ ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും അദ്ദേഹമാണ്. ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, ഹോള്‍ ജീനോം സ്വീക്വന്‍സിങ്, ആയുര്‍-ഇന്‍ഫോര്‍മാറ്റിക്‌സ്, മെഷീന്‍ ലേണിംഗ് എന്നിവയാണ് ഡോ. അച്യുത് ശങ്കറിന്റെ പ്രധാന ഗവേഷണ മേഖലകള്‍.
