ദീപാവലി: ഈ ആറ് സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകരുത്, യാത്രക്കാർക്ക് റെയിൽവേയുടെ പ്രത്യേക നിർദേശം

ഇന്ത്യയിലുടനീളം ഉത്സവലഹരി ഉയരുമ്പോൾ, ലക്ഷക്കണക്കിന് യാത്രക്കാർ റെയിൽ മാർഗം നാട്ടിലേക്കുള്ള ദീർഘയാത്രകൾക്കായി ഒരുങ്ങുകയാണ്. ദീപാവലിയും മറ്റ് ആഘോഷങ്ങളും അടുത്തുവരുന്ന സാഹചര്യത്തിൽ, ട്രെയിൻ യാത്ര സുരക്ഷിതവും സുഗമവും അപ്രതീക്ഷിത സംഭവങ്ങളില്ലാത്തതുമാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ കർശനമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാർ താഴെ പറയുന്ന ആറ് സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകുന്നത് ഒഴിവാക്കണം

  • പടക്കങ്ങൾ
  • മണ്ണെണ്ണ
  • ഗ്യാസ് സിലിണ്ടറുകൾ
  • സ്റ്റൗ
  • തീപ്പെട്ടി
  • സിഗരറ്റ്

കാരണം ലളിതമാണ്, ഇവയിൽ പലതും എളുപ്പത്തിൽ തീപിടിക്കുന്നവയോ കത്തുന്നവയോ ആണ്. പരിമിതമായ വെന്റിലേഷനും ലോഹമോ പ്ലാസ്റ്റിക്കോ കൊണ്ടുള്ള പ്രതലങ്ങളുമുള്ള ട്രെയിനിലെ ഇടുങ്ങിയ സ്ഥലങ്ങളിൽ ഒരു ചെറിയ തീപ്പൊരിയിൽ നിന്നുപോലും ഉണ്ടാകാവുന്ന അപകടസാധ്യത വളരെ വലുതാണ്.

ദീപാവലി, ഛഠ് പൂജ പോലുള്ള ഉത്സവങ്ങൾ റെയിൽ യാത്രയിൽ വലിയ തിരക്ക് സൃഷ്ട‌ിക്കുന്നു. സ്റ്റേഷനുകൾ ജനങ്ങളെക്കൊണ്ട് നിറയുന്നു. പ്ലാറ്റ്ഫോമുകളിൽ കുടുംബങ്ങളും ലഗേജുകളും തിങ്ങിനിറയുന്നു. ഓരോ കംപാർട്ട്മെന്റും പതിവിലും കൂടുതൽ ഇടുങ്ങിയതായി അനുഭവപ്പെടുന്നു.

ഇതിന്റെ മുന്നൊരുക്കമായി, ന്യൂഡൽഹി, ബാന്ദ്ര ടെർമിനസ്, ഉധ്‌ന, സൂറത്ത് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ യാത്രക്കാരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും പ്ലാറ്റ്ഫോമുകളിലെ തിരക്ക് കുറയ്ക്കുന്നതിനും സ്ഥിരം ഹോൾഡിങ് ഏരിയകൾ നിർമിച്ചിട്ടുണ്ട്.

ഉത്സവകാല ട്രെയിൻ യാത്രയ്ക്കുള്ള നുറുങ്ങുകൾ

യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുൻപ് നിങ്ങളുടെ ലഗേജ് പരിശോധിക്കുക.

 

ഉത്സവകാല തിരക്കിനിടയിൽ നിരോധിക്കപ്പെട്ട ആറ് സാധനങ്ങളിൽ ഒന്നും നിങ്ങളുടെ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കുക.

 

നേരത്തെ എത്തുക. ബോർഡിങ്ങിന് മുൻപ് ടിക്കറ്റിങ്, സുരക്ഷാ പരിശോധനകൾ എന്നിവ പൂർത്തിയാക്കാൻ വലിയ സ്റ്റേഷനുകളിലെ ഹോൾഡിങ് ഏരിയകൾ ഉപയോഗിക്കുക.

യാത്രയ്ക്കിടയിൽ ജാഗരൂകരായിരിക്കുക. രൂക്ഷമായ ഗന്ധം (ഇന്ധനത്തെയോ ഗ്യാസിനെയോ സൂചിപ്പിക്കുന്നത്) അല്ലെങ്കിൽ പുക ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കുക.