ഇടവിട്ടുള്ള മഴയും കാലാവസ്ഥാ പ്രതിസന്ധികളും മാറിവരുന്നതിനിടെ സംസ്ഥാനത്ത് പലതരം പനികളും വ്യാപിക്കുന്നു. പനിവന്നാൽ ചികിത്സ തന്നെയാണ് പ്രധാനം. വൈറൽ, ഡെങ്കി, എലിപ്പനി തുടങ്ങി പലതരം പനികളാവാം. ഇത് തിരിച്ചറിയണമെങ്കിൽ ചികിത്സ തേടണം. രണ്ടുദിവസമായിട്ടും പനി കുറഞ്ഞില്ലെങ്കിൽ കൃത്യമായി ചികിത്സയുറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്തര്‍ പറയുന്നു.
പനി, കണ്ണുകൾ അനക്കുമ്പോഴുള്ള വേദന, തലവേദന, ശക്തമായ ശരീരവേദന, ഛർദ്ദി എന്നിവയെല്ലാമാണ് ഡെങ്കിയുടെ പ്രധാനലക്ഷണങ്ങൾ. ചികിത്സക്കൊപ്പം വിശ്രമവും പ്രധാനമാണ്. എലിപ്പനിയാണെങ്കിൽ കണ്ണിനു ചുവപ്പുണ്ടാവും.
കരുതലോടെയിരിക്കാം
* തെളിഞ്ഞ വെള്ളത്തിലാണ് ഡെങ്കി കൊതുകുകൾ മുട്ടയിടുക. ഇടവിട്ട് മഴപെയ്യുമ്പോൾ വെള്ളം കെട്ടിനിൽക്കാൻ സാധ്യത കൂടുതലാണ്. അതിനുള്ള സാഹചര്യം ഒഴിവാക്കണം.
* അലക്ഷ്യമായി ഇട്ട ചിരട്ട, പാത്രങ്ങൾ, ഫ്രിഡ്ജിനടിയിലെ ട്രേ എന്നിവിടങ്ങളിലൊന്നും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. ചെടികൾ വളർത്തുന്ന പാത്രങ്ങളിലെ വെള്ളം ഒഴിവാക്കണം.
* ഉറവിടനശീകരണത്തിലൂടെ കൊതുകുകളെ ഇല്ലാതാക്കാം. സന്ധ്യക്കും രാവിലെയുമാണ് കൊതുകുകൾ കടിക്കുന്നത്. അതൊഴിവാക്കാൻ ശരീരം പരമാവധി മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാം.
എന്താണ് ഡെങ്കിപ്പനി ?
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകടസൂചനകൾ
പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്‌ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.
ചികിത്സ പ്രധാനം
എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.
