മുഖ്യമന്ത്രി ആര്? തീരുമാനം ഹൈക്കമാന്‍ഡിന്

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല കോൺഗ്രസ് ഹൈക്കമാൻഡിലേക്ക്. കോൺഗ്രസിൻ്റെ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ചുമതലപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് നിയമസഭാകക്ഷിയോഗം പ്രമേയം പാസാക്കിയതോടെയാണ് അന്തിമ തീരുമാനം എടുക്കുന്ന ചുമതല ഹൈക്കമാൻഡിലേക്ക് എത്തിയത്.

വ്യാഴാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച ഒറ്റവരി പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്താങ്ങി. ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്ന‌ിക്കും യോഗത്തിൽ സന്നിഹിതരായിരുന്നു.

ഇനി നടക്കാനുള്ളത് നിരീക്ഷകരും ദീപാ ദാസ് മുൻഷിയും കോൺഗ്രസ് എംഎൽഎമാരുമായുള്ള ഒറ്റയ്ക്കൊറ്റയ്ക്കുള്ള കൂടിക്കാഴ്ചയാണ്. ഈ കൂടിക്കാഴ്ചയിൽ എംഎൽഎമാർ ആർക്കാണ് പിന്തുണയെന്ന് വ്യക്തമാക്കും.

മണ്ഡലത്തിലെ ചില ആവശ്യങ്ങൾക്ക് മടങ്ങേണ്ടതിനാൽ പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മനാണ് മാക്കനും വാസ്ന‌ിക്കും ദീപാ ദാസ് മുൻഷിയുമായി ആദ്യം കൂടിക്കാഴ്‌ച നടത്തിയത്. എഐസിസി ഞായറാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വട്ടിയൂർക്കാവിൽനിന്നുള്ള നിയുക്ത എംഎൽഎ കെ. മുരളീധരൻ പറഞ്ഞു.

നിരീക്ഷകരും എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയിൽനിന്ന് ദീപാ ദാസ് മുൻഷിയെ ഒഴിവാക്കണമെന്ന് നേരത്തെ സതീശൻ ക്യാമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം.