സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി എൻ.ഷംസുദീൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വകുപ്പുകൾ അനുവദിച്ച് വിജ്ഞാപനമായില്ലെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉറപ്പിച്ച മന്ത്രി യോഗം വിളിച്ചത്. പാഠപുസ്തക അച്ചടിയുടെയും വിതരണത്തിന്റെയും നിലവിലെ സ്ഥിതി ഉദ്യോഗസ്ഥർ പറഞ്ഞു. സ്കൂൾ ഫിറ്റ്നസ് അനുവദിക്കുന്നതിനു തദ്ദേശസ്ഥാപനങ്ങളുടെ മാത്രം പരിശോധന മതിയെന്നു വ്യക്തമാക്കി സർക്കുലർ ഇറക്കിയതോടെ ഇതുസംബന്ധിച്ച പ്രതിസന്ധി പരിഹരിച്ചെന്നും വിശദമാക്കി.
മധ്യവേനലവധിക്കു ശേഷം ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുംമുൻപ് ആവശ്യമായ പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ആക്ടിവിറ്റി, വർക്ക് ബുക്കുകൾ ക്ലാസ് ആരംഭിച്ച ശേഷം നൽകേണ്ടതാണ്. അതൊഴികെയുള്ള പാഠപുസ്തകങ്ങളെല്ലാം സ്കൂൾ തുറക്കും മുൻപേ ലഭ്യമാക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ നൽകേണ്ട 3.57 കോടി പുസ്തകങ്ങളിൽ 2.86 കോടി (80.3%) അച്ചടിച്ചു. അതിൽ 2.23 കോടി വിതരണവും ചെയ്തു.
ബാക്കി പുസ്തകങ്ങളും 31ന് മുൻപ് സ്കൂളുകളിലെത്തിക്കും. അതിനു വേണ്ടതെല്ലാം ചെയ്യാൻ വകുപ്പ് സെക്രട്ടറിയോടും ഡയറക്ടറോടും നിർദേശിച്ചിട്ടുണ്ട്. ആക്ടിവിറ്റി പുസ്തകങ്ങൾ ജൂൺ 10നു മുൻപു നൽകാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു. പുസ്തകങ്ങൾ തയാറാണെന്നും അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ തന്നെ വിതരണം പൂർത്തിയാകുമെന്നും പുസ്തകങ്ങൾ അച്ചടിക്കുന്ന കൊച്ചിയിലെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി (കെബിപിഎസ്) അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
