കുട്ടികളിലെ സൗന്ദര്യവർധകവസ്‌തുക്കളുടെ അപകടകരമായ ഉപയോഗത്തിനെതിരെ പ്രചാരണവുമായി ശിശുക്ഷേമസമിതി. സൗന്ദര്യവർധകവസ്തുക്കളിൽ അടങ്ങിയിട്ടുള്ള മൂലകങ്ങൾ കുട്ടികളിൽ കുടൽ കാൻസറിനു കാരണമാകുന്നെന്ന് മുൻപുതന്നെ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുണ്ടായിരുന്നു. ലിപ്സ്റ്റിക്, ഐലൈനർ, ഐഷാഡോ, ബ്ലഷ്, ഫേസ് ക്രീമുകൾ തുടങ്ങിയവയിൽ മെർക്കുറി, കാഡ്മിയം ഉൾപ്പെടെയുള്ള മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ മൂലകങ്ങളുടെ അളവു കൂടുന്നത്, ചർമത്തെക്കൂടാതെ ആന്തരികാവയവങ്ങളെയും ബാധിക്കുന്ന ആരോഗ്യപ്രശ്നനങ്ങളിലേക്കെത്തിക്കാം.
കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ കുടൽ കാൻസർ ബാധിതരായ കുട്ടികളുടെ എണ്ണം അടുത്തകാലത്തായി കൂടുതലാണെന്ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന്റെ പഠന റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബോധവത്കരണത്തിനു തുടക്കംകുറിച്ചതെന്ന് കൊല്ലം ജില്ലാ ശിശുക്ഷേമസമിതി അധികൃതർ പറഞ്ഞു.
ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള സൗന്ദര്യവർധകവസ്‌തുക്കളുമായി സ്കൂളിലെത്തുന്ന കുട്ടികൾ, പീരിഡിന്റെ ഇടവേളകളിൽ ഇവ ഉപയോഗിക്കുന്നെന്നാണ് അധ്യാപകരുടെ നിരീക്ഷണം. കുട്ടികൾ അമിതമായി ഇവ മുഖത്തു പുരട്ടുകയും ചെയ്യും. കുട്ടികളുടെ ചർമം നേർത്തതായതിനാൽ, ഇവയിലടങ്ങിയ രാസവസ്തുക്കൾ ശരീരം വേഗം വലിച്ചെടുക്കുന്നു. അലർജി, ഹോർമോൺ പ്രശ്നങ്ങൾ, വളർച്ചാവൈകല്യങ്ങൾ, കാൻസർ സാധ്യത എന്നിവയ്ക്കെല്ലാം ഇവ കാരണമാകും.
ഇവ ഉപയോഗിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകും. സ്കൂളുകളിൽ സൗന്ദര്യവർധകവസ്‌തുക്കൾ പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. ആരോഗ്യവിദഗ്ദ്ധരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ പൂർത്തിയാക്കിയ സ്‌കൂളുകളെ ‘ലിപ്സ്റ്റിക് ഫ്രീ കാമ്പസാ’യി പ്രഖ്യാപിക്കും. തുടർന്ന് രക്ഷിതാക്കൾക്കു ബോധവത്കരണം നൽകും. സ്കൂളുകൾക്കു പുറമേ, റെസിഡെൻസ് അസോസിയേഷനുകളിലും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും വിവിധ സംഘടനകളിലും ബോധവത്കരണ ക്ലാസുകൾ നടത്തും.
അനുവദനീയമായ അളവിനെക്കാൾ മെർക്കുറി ചേർത്ത ലിപ്സ്റ്റിക്കുകളും ഫേസ് ക്രീമുകളും സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. സ്കൂളുകളുടെ സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിൽ ഹാനികരമായ മൂലകങ്ങളടങ്ങിയ സൗന്ദര്യവർധകവസ്‌തുക്കൾ വിൽക്കുന്നുണ്ട്. ഇവിടെ പരിശോധന നടത്താനും ബോധവത്കരണപദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കൊല്ലം ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി ഡി. ഷൈൻ ദേവ് പറഞ്ഞു.
