പ്രൈമറി ക്ലാസുകളിൽ ബിഎഡുകാർ വേണ്ട: വിലക്ക് ആവർത്തിച്ച് സുപ്രീം കോടതി

ബിഎഡുകാർ പ്രൈമറി ക്ലാസ് അദ്ധ്യാപകരാകുന്നത് വിലക്കിയ 2023 ആഗസ്റ്റ് 11ലെ വിധി ആവർത്തിച്ച് സുപ്രീം കോടതി. മധ്യപ്രദേശിലെ കേസിൽ പുറപ്പെടുവിച്ച വിധി അന്നു മുതലുള്ള നിയമനങ്ങളുടെ കാര്യത്തിൽ രാജ്യമൊട്ടുക്കും ബാധകമാകുമെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസെ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തത വരുത്തി. വിജ്ഞാപനത്തിൽ ബിഎഡ് യോഗ്യതയായി സ്ഥിരനിയമനം നേടിയ പ്രൈമറി അദ്ധ്യാപകർക്ക് വിധിയിൽ നിന്ന് സംരക്ഷണം ലഭിക്കും. വിധി അവരുടെ സർവീസിനെ ബാധിക്കില്ലെന്നും ബെഞ്ച് തുടർന്നു. വിധിയിൽ വ്യക്തത ആവശ്യപ്പെട്ട് മധ്യപ്രദേശ് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നടപടി.

ബിഎഡ് ബിരുദധാരികൾ പ്രൈമറി ക്ലാസുകളിൽ പഠിപ്പിക്കാനാവശ്യമായ ബോധനവിദ്യ ആർജ്ജിക്കാത്തതു മൂലം പ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏർപ്പെടുത്തിയത്. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിനുള്ള ഭരണഘടനപരമായ അവകാശം മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനു കൂടിയുള്ളതാണെന്ന് വ്യക്തമാക്കിയായിരുന്നു വിധി. 2023ലെ വിധിക്ക് മുമ്പ് പ്രൈമറി സ്കൂൾ അദ്ധ്യാപകരായി നിയമനം നേടിയവർക്ക് പ്രൈമറി വിദ്യാർത്ഥികളുടെ ബോധനവിദ്യയിൽ എലമെന്ററി എജുക്കേഷൻ ഡിപ്ലോമക്കാർ നേടിയതു പോലുള്ള പരിശീലനത്തിന് ബ്രിഡ്ജ് കോഴ്സുകളുണ്ടോ എന്ന് സുപ്രീം കോടതി കേന്ദ്രസർക്കാറിനോട് ആരാഞ്ഞിരുന്നു.

2023-’24, 2024-’25 അദ്ധ്യയനവർഷം രാജ്യത്ത് എത്ര പ്രൈമറി അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും സുപ്രീം കോടതി ചോദിച്ചു. പ്രൈമറി തസ്തികകളിലെ ഒഴിവുകൾ ബിഎഡുകാർക്ക് നൽകിയാൽ തങ്ങളുടെ അവസരം നിഷേധിക്കപ്പെടുമെന്ന് എലമെന്ററി എജുക്കേഷൻ ഡിപ്ലോമക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചു. അതിനാൽ ഓരോ സംസ്ഥാനങ്ങളെയും വേർതിരിച്ച് ഹർജിയിൽ വിശദവാദം കേൾക്കണമെന്നും സിബൽ ആവശ്യപ്പെട്ടു.