സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഗ്ലാസ് സ്‌കിൻ ട്രെൻഡുകളും സാലിസിലിക് ആസിഡ്, റെറ്റിനോൾ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ 10-സ്റ്റെപ്പ് സ്‌കിൻകെയർ റൂട്ടീനുകളും കണ്ണുംപൂട്ടി പരീക്ഷിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം ട്രെൻഡുകൾക്ക് പിന്നാലെ പോയി അമിതമായി ഉപയോഗിക്കുന്നത് ചർമ്മത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്ന കൗമാരപ്രായത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്കിൻ കെയർ റുട്ടീനുകൾ പരീക്ഷിക്കുന്നതിനേക്കാൾ ഒരു വിദഗ്‌ധ ഡോക്ടറുടെ നിർദേശത്തോടെ ചർമപരിപാലനം നടത്തുന്നതാണ് ഉചിതം.
കൗമാരപ്രായത്തിലുള്ള ചർമത്തിൽ റെറ്റിനോൾ, ഹൈ-സെൻട്രേഷൻ ആസിഡുകൾ എന്നിവ തുടക്കത്തിലേ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ മൃദുലത തകരാൻ കാരണമാകും. അമിതമായി ക്രീമുകളും സെറങ്ങളും മാറിമാറി ഉപയോഗിക്കുന്നത് സുഷിരങ്ങൾ അടയാനും കൂടുതൽ മുഖക്കുരു ഉണ്ടാകാനും വഴിവെക്കും. ബേക്കിംഗ് സോഡ പോലുള്ളവ നേരിട്ട് മുഖത്ത് പുരട്ടുന്നത് പൊള്ളലിനോ അലർജിക്കോ കാരണമാകും.
കൗമാരത്തിൽ ഉണ്ടാകുന്ന മുഖത്തുണ്ടാവുന്ന കുരുക്കൾ, ചുവന്നു തടിക്കൽ, എണ്ണമയം എന്നിവ സ്വാഭാവികമാണ്. മുഖക്കുരു കാരണം കഠിനമായ വേദനയോ നീർക്കെട്ടോ ഉണ്ടാകുമ്പോൾ, ചർമത്തിലുണ്ടാകുന്ന പാടുകൾ അല്ലെങ്കിൽ ഇൻഫെക്ഷൻ നിയന്ത്രണാതീതമാകുമ്പോൾ, ഇത്തരം ചർമപ്രശ്നങ്ങൾ കാരണം കുട്ടികളിൽ ആത്മവിശ്വാസക്കുറവോ മാനസിക സമ്മർദമോ ഉണ്ടാകുമ്പോൾ വിദഗ്‌ധനായ ഒരു ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടാൻ മടിക്കരുത്.
ചർമത്തിന് അനുയോജ്യമായ മൃദുവായ ക്ലെൻസർ ഉപയോഗിച്ച് ദിവസവും രണ്ടുനേരം മുഖം കഴുകുക. എണ്ണമയമുള്ള ചർമമാണെങ്കിൽപോലും ലൈറ്റ് മോയ്‌സ്‌ചുറൈസർ ഉപയോഗിക്കുക. പുറത്തിറങ്ങുമ്പോൾ മാത്രമല്ല, വീടിനുള്ളിൽ ഇരിക്കുമ്പോഴും കുറഞ്ഞത് എസ്‌പിഎഫ് 30 ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുന്നത് ശീലമാക്കുക. സോഷ്യൽ മീഡിയയിലെ തിളക്കമേറിയ ചിത്രങ്ങൾ ഫിൽട്ടറുകളുടെയോ ലൈറ്റിങ്ങിന്റെയോ ഫലമാണെന്ന് തിരിച്ചറിയുക. തിളങ്ങുന്ന ചർമത്തേക്കാൾ പ്രധാനം ആരോഗ്യമുള്ള ചർമമാണ്.
