പണം വാങ്ങി ജോലി വാഗ്ദാനം, തട്ടിപ്പു സംഘങ്ങൾ സജീവം; ജാ​ഗ്രത വേണമെന്ന് കെഎസ്ഇബി

കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങൾ സജീവമാണെന്ന് കെഎസ്ഇബി. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേർ ഈ കെണിയിൽ വീണതായാണ് അറിവെന്നും അതിനാൽ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും അധികൃതർ പറയുന്നു. കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെന്‍റ് എക്ചേഞ്ച് വഴിയും. അതിനാൽ ഒരു കാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, കെഎസ്ഇബിയില്‍ നിയമന നിരോധനം എന്ന വാർത്തയോട് പ്രതികരിച്ച് അധികൃതർ രം​ഗത്തെത്തിയിരുന്നു. വാര്‍‍‍ത്ത വസ്തുതകള്‍‍‍ക്ക് നിരക്കുന്നതല്ലെന്നായിരുന്നു പ്രതികരണം. ‘അസിസ്റ്റന്റ് എന്‍‍‍ജിനീയര്‍‍‍ തസ്തികയിലേക്കുള്ള ഒഴിവുകള്‍‍ പി എസ് സിക്ക് റിപ്പോര്‍‍‍ട്ട് ചെയ്യേണ്ടതില്ല എന്ന് ചെയര്‍‍‍മാന്‍‍‍‍ നിര്‍‍‍ദ്ദേശിച്ചു എന്നാണ് വാര്‍‍‍ത്തയിലെ പരാമര്‍‍‍‍ശം. ഇത് ശരിയല്ല. കെഎസ്ഇ ബി ലിമിറ്റഡില്‍‍‍ പ്രവര്‍‍‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പുന:സംഘടന പ്രവര്‍‍ത്തനങ്ങള്‍‍‍ അവസാനഘട്ടത്തിലാണ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലറ്ററി കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓരോ തസ്തികയിലേക്കും അംഗബലം പുനര്‍‍നിര്‍‍ണ്ണയിക്കുന്ന പ്രവൃ‍ത്തിയാണ് നടക്കുന്നത്. ഈ പ്രവര്‍‍‍ത്തനങ്ങള്‍‍‍ എത്രയും വേഗം പൂര്‍‍‍ത്തിയാക്കാനും അത് പൂര്‍‍‍ത്തിയാകുന്ന മുറയ്ക്ക് നിയമനങ്ങള്‍‍‍ തുടരുവാനുമാണ് ചെയര്‍‍‍മാന്‍‍‍ നിര്‍‍‍‍ദ്ദേശിച്ചിട്ടുള്ളത്.

മാത്രമല്ല കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍‍‍ തസ്തികയിലേക്കുള്ള പിഎസ്.സി പരീക്ഷയുടെ ചുരുക്കപ്പട്ടിക വന്നുകഴിഞ്ഞു. ഇനി അഭിമുഖം മാത്രമാണ് നടക്കാനുള്ളളത്. ഈ സാഹചര്യത്തില്‍‍‍ നിയമനനിരോധനം സംബന്ധിച്ച ആശങ്കകള്‍‍‍ അസ്ഥാനത്താണ്. സബ് എന്‍ജിനീയര്‍‍ തസ്തികയുടെ കാര്യത്തില്‍ 217 പേര്‍‍ക്ക് 2024 ഫെബ്രുവരിയില്‍ നിയമനം നല്‍കി കഴിഞ്ഞു. ഇതുകൂടാതെ മീറ്റര്‍‍ റീഡര്‍‍ തസ്തികയില്‍ 45 ഒഴിവുകള്‍‍ ഫെബ്രുവരിയില്‍ പിഎസ്.സിയ്ക്ക് റിപ്പോര്‍‍ട്ട് ചെയ്തു. വസ്തുതകള്‍‍ ഇങ്ങനെയിരിക്കെ കെഎസ്ഇബിയില്‍ നിയമന നിരോധനമില്ല എന്നത് വ്യക്തമാണ്’-കെഎസ്ഇബി വ്യക്തമാക്കി.