ഭൂമിയില്‍ എത്ര സ്വര്‍ണ്ണ നിക്ഷേപമുണ്ടെന്ന് അറിയാമോ?

സ്വർണ്ണ വില നാള്‍ക്കുനാള്‍ മുകളിലേക്കാണ്. അടുത്തകാലത്തൊന്നും അത് താഴുന്ന ലക്ഷണവും കാണിക്കുന്നില്ല. ഇന്ന് സ്വർണ്ണത്തിന് വില 400 രൂപയാണ് കൂടിയത്. അന്താരാഷ്ട്രാ വിപണിയില്‍ സ്വർണ്ണ വില 2,300 ഡോളര്‍ കടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നാട്ടിലാണെങ്കില്‍ 51,680 രൂപ കൊടുക്കണം ഒരു പവന്‍ സ്വർണ്ണത്തിന്. സ്വർണ്ണ വില ഈ കുതിപ്പ് തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. അമേരിക്ക പലിശ നിരക്ക് കുറച്ചതും ചൈനക്കാര്‍ സ്വർണ്ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതുമാണ് സ്വർണ്ണ വില ഉയരാന്‍ കാരണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. വില വര്‍ദ്ധനയ്ക്കിടെ ഭൂമിയിലെ സ്വർണ്ണത്തിന്‍റെ അളവിനെ കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം കൈവശം വെച്ചിരിക്കുന്നത് അമേരിക്കയാണെന്ന് ഫോർബ്‌സിന്‍റെ സമീപകാല റിപ്പോർട്ടുകള്‍ പറയുന്നു. വേൾഡ് ഗോൾഡ് കൗൺസിലിന്‍റെ കണക്കനുസരിച്ച് ഏകദേശം 8,133.46 ടൺ സ്വർണ്ണ ശേഖരം യുഎസിന്‍റെ കൈവശമുണ്ട്. രണ്ടാം സ്ഥാനത്ത് ജര്‍മ്മനിയാണ്. 3,352.65 ടൺ സ്വർണ്ണ ശേഖരം ജര്‍മ്മനിയിലുണ്ടെന്നാണ് കണക്ക്. 2,451.84 ടൺ സ്വർണ്ണ ശേഖരം സൂക്ഷിക്കുന്ന ഇറ്റാലിക്കാണ് മൂന്നാം സ്ഥാനമെന്ന് 2020 ല്‍ പ്രസിദ്ധിക്കരിച്ച ബിബിസി റിപ്പോര്‍ട്ട് പറയുന്നു.

50,000 ടൺ സ്വർണ്ണം ഭൂമിയിൽ നിന്നും ഇതിനകം ഖനനം ചെയ്തെന്ന യുഎസ്  ജിയോളജിക്കൽ സർവേയുടെ കണക്കുകള്‍ പറയുന്നു. ഇനിയും ഖനനം ചെയ്യാതെ കിടക്കുന്നു. മറ്റ് ചില കണക്കുകള്‍ 1,90,000 ടൺ സ്വര്‍ണ്ണം ഇതിനകം ഖനനം ചെയ്ത് പുറത്തെടുത്തെന്ന് വെളിപ്പെടുത്തുന്നു. 20 ശതമാനത്തോളം സ്വര്‍ണ്ണം ഇതുവരെ ഖനനം ചെയ്യപ്പെടാതെ ഭൂമിക്കുള്ളില്‍ മറഞ്ഞിരിക്കുന്നുണ്ടെന്നും ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഇതുവരെ ഖനനം ചെയ്ത സ്വര്‍ണ്ണത്തിന്‍റെ 30 ശതമാനവും ദക്ഷിണാഫ്രിക്കയിലെ വിറ്റ്‌വാട്ടർസ്‌റാൻഡ് പ്രദേശത്ത് നിന്നാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരവും ഇവിടെയാണ്.

ദക്ഷിണാഫ്രിക്കയിലെ എംപോണംഗ് ഖനി (Mponeng mine), ഓസ്‌ട്രേലിയയിലെ സൂപ്പർ പിറ്റ് (Super Pit), ന്യൂമോണ്ട് ബോഡിംഗ്ടൺ ഖനികൾ (Newmont Boddington mines), ഇന്തോനേഷ്യയിൽ സ്ഥിതി ചെയ്യുന്ന ഗ്രാസ്‌ബെർഗ് മൈൻ (Grasberg Mine), യുഎസിലെ നെവാഡയിലെ സ്വര്‍ണ്ണ ഖനികൾ (Nevada Gold Mine) എന്നിവയാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉത്പാദക ഖനികള്‍.

അതേസമയം നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനനം നടക്കുന്നത് ചൈനയിലാണ്. കാനഡ, റഷ്യ, പെറു എന്നീ രാജ്യങ്ങളാണ് പിന്നാലെയുള്ളത്. ലോകത്തിലെ ഭൂരിഭാഗം സ്വര്‍ണ്ണത്തിന്‍റെയും ഉടമസ്ഥത നെവാഡ ഗോൾഡ് മൈൻസ് എന്ന കമ്പനിയാണ്. ഈ കമ്പനിക്ക് 61.5 ശതമാനം ഓഹരി ഉടമസ്ഥതയുള്ള ബാരിക്ക് ഗോള്‍‌ഡ് കോര്‍പറേഷന് 13 രാജ്യങ്ങളിലായി 16 ഖനന കേന്ദ്രങ്ങളാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഒറ്റ സ്വർണ്ണ ഖനന സമുച്ചയമായി ഇത് കണക്കാക്കപ്പെടുന്നു. ഒരു വർഷത്തിനുള്ളിൽ 3.5 ദശലക്ഷം ഔൺസ് സ്വര്‍ണ്ണമാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു.