കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേക്ക് റെക്കോഡ് വരുമാനം

2023 – 2024 സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേക്ക് റെക്കോഡ് വരുമാനം. 2.56 ലക്ഷം കോടി രൂപയാണ് നേടിയതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ചരക്കുനീക്കത്തിലൂടെയാണ് കൂടുതൽ വരുമാനം. മുൻ സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 2.4 ലക്ഷം കോടി രൂപയായിരുന്നു. ഈ കണക്കാണ് മറികടന്നത്.

2023 – 2024 സാമ്പത്തിക വർഷത്തിൽ ചരക്കുനീക്കത്തിൽ നിന്ന് മാത്രം 1,591 കോടി രൂപയുടെ റെക്കോഡ് വരുമാനമാണ് ലഭിച്ചത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ ഏകദേശം 5 ശതമാനം കൂടുതലാണ്. 2022 – 2023 സാമ്പത്തിക വർഷത്തിൽ 1,512 കോടി രൂപയുടെ ചരക്കുനീക്കമാണ് നടന്നത്. ചരക്കുനീക്കത്തിലൂടെയാണ് ഇന്ത്യൻ റെയിൽവേ കൂടുതൽ വരുമാനം നേടുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കൽക്കരി നീക്കത്തിലൂടെ വൻ വരുമാനമാണ് ഇന്ത്യൻ റെയിൽവേ നേടുന്നത്. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം 787.6 മെട്രിക് ടൺ കൽക്കരിയാണ് റെയിൽവേ മുഖേനെ വിവിധയിടങ്ങളിൽ എത്തിയത്.

റെയിൽവേ ലൈനുകളുടെ വൈദ്യുതീകരണം 7,188 കിലോമീറ്റർ ദൂരത്തിൽ പൂർത്തിയായി. പ്രതിദിനം 14.5 കിലോമീറ്റർ വൈദ്യുതീകരണമാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 6,565 കിലോമീറ്റർ ദൂരമാണ് വൈദ്യുതീകരിച്ചത്.