ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ക്ഷണിച്ച് പത്രങ്ങളിൽ പരസ്യം. നിലവിലെ രീതിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അഭിപ്രായം അറിയിക്കാം. ജനുവരി 15നകം അഭിപ്രായം അറിയിക്കണം. നിർദേശങ്ങൾ ഒറ്റതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല സമിതിക്ക് കൈമാറും. നിയമ മന്ത്രാലയം നിയമിച്ച ഉന്നതതല സമിതിയുടെ സെക്രട്ടറിയുടെ പേരിലാണ് പരസ്യം.
2024ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ 2029ലെ തെരഞ്ഞെടുപ്പ് ലോക്സഭ, നിയമസഭ ഉള്‍പ്പെടെ ഒന്നിച്ചു നടത്താനാണ് നീക്കം. ഇതു സംബന്ധിച്ച് 10 ദിവസത്തിനകം പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയാണ് ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഒരുമിച്ച് നടത്താനാണ് നീക്കം നടക്കുന്നത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ സമ്പൂര്‍ണ യോഗം കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ചേര്‍ന്നത്. എട്ടംഗ സമിതിയാണ് രൂപീകരിച്ചതെങ്കിലും കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി സമിതിയിൽ നിന്ന് പിന്മാറിയിരുന്നു. രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, ഹരീഷ് സാൽവെ, എൻ.കെ സിങ്, ഡോ. സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് മറ്റ് അംഗങ്ങൾ.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് അനുകൂല നിലപാടാണ് ദേശീയ നിയമ കമ്മീഷൻ സ്വീകരിച്ചത്. അതേസമയം ഒന്നിച്ചുള്ള തെരഞ്ഞെടുപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്ക് സാവകാശം വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഒരു വർഷമെങ്കിലും തയ്യാറെടുപ്പിന് വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം തേടാൻ സമിതി നേരത്തെ തീരുമാനിച്ചിരുന്നു.