‘ഭാരത് അരി’ സപ്ലൈകോ വഴി നൽകാമെന്ന് കേന്ദ്രം

ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിക്കാതിരുന്ന ‘ഭാരത് അരി’ സപ്ലൈകോയ്ക്കു നൽകാൻ തീരുമാനം. സംസ്ഥാനത്ത് അരിവില ഉയരുന്ന സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കണമെന്ന സപ്ലൈകോയുടെ ആവശ്യത്തെ തുടർന്നാണ് കേന്ദ്രം ഭാരത് അരി നൽകാമെന്ന് അറിയിച്ചത്.

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഡൊമസ്റ്റിക്) പ്രകാരം, കുറഞ്ഞവിലയ്ക്കു ലഭിക്കുന്ന അരി തേടിയാണ് സപ്ലൈകോ കേന്ദ്രത്തെ സമീപിച്ചതെങ്കിലും അനുവദിച്ചില്ല. പകരം ‘ഭാരത് അരി’ നൽകാമെന്നു മറുപടി നൽകി. ആവശ്യമായ അരിയുടെ അളവ് സംബന്ധിച്ച് സപ്ലൈകോ ഉടൻ കത്തുനൽകും. 360 രൂപ വിലവരുന്ന 10 കിലോഗ്രാമിന്റെ സഞ്ചിയിലാണ് (കിലോഗ്രാം വില 36 രൂപ) ഭാരത് അരി വിൽക്കുക.

മുൻപ് ഉണ്ടായിരുന്ന സബ്സിഡി കേന്ദ്ര സർക്കാർ പൂർണമായി പിൻവലിച്ചതോടെ ഭാരത് അരിയുടെ വിലയിൽ കിലോഗ്രാമിന് 6 രൂപയുടെ വർധനയാണ് 2 വർഷത്തിനിടെ ഉണ്ടായത്. എഫ്സിഐയിൽ നിന്ന് നാഫെഡ് ( നാഷനൽ അഗ്രികൾചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ) വാങ്ങി, നുറുങ്ങിയ അരി ഒഴിവാക്കി സംസ്കരിച്ചെടുക്കുന്ന ഭാരത് അരിയാണ് സപ്ലൈകോയ്ക്കു നൽകുക.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആ വർഷം ഫെബ്രുവരി 6നാണു രാജ്യത്താകമാനം ഭാരത് അരി വിപണിയിലിറക്കിയത്. കേന്ദ്ര സഹകരണ സംരംഭങ്ങളായ നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നിവയും സ്വകാര്യ മാർക്കറ്റ് ശൃംഖലകളും വഴിയാണ് ആ സമയത്ത് കേരളത്തിൽ അരി വിറ്റഴിച്ചത്. മൊബൈൽ യൂണിറ്റുകൾ വഴിയുള്ള കേരളത്തിലെ അരി വിൽപനയ്ക്ക് ബിജെപി പ്രാദേശിക സ്വീകരണങ്ങളും ഒരുക്കിയിരുന്നു.

ഭാരത് അരി വിൽക്കുന്നത് കിലോഗ്രാമിന് 36 രൂപയ്ക്കാണെങ്കിൽ, സപ്ലൈകോയിൽ നിലവിൽ റേഷൻ കാർഡ് ഉടമകൾക്ക് 10 കിലോഗ്രാം വരെ സബ്സിഡി അരി ലഭിക്കുന്നത് കിലോഗ്രാമിന് 33 രൂപയ്ക്ക്. മട്ട, കുറുവ ഉൾപ്പെടെ വിവിധ ഇനം അരിയാണ് ഇങ്ങനെ നൽകുന്നത്.