റേഷൻ വിതരണം ഇനി ‘സ്മാർട്ട്’; 24 മണിക്കൂറും ധാന്യങ്ങളുമായി ‘അന്നപൂർത്തി ഗ്രെയിൻ എടിഎം’

റേഷൻ കടകൾക്ക് മുന്നിലെ നീണ്ട ക്യൂവിനും കാത്തിരിപ്പിനും വിരാമമിടാൻ അത്യാധുനിക സംവിധാനവുമായി ഭക്ഷ്യവകുപ്പ്. ബാങ്ക് എടിഎമ്മുകളുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ‘അന്നപൂർത്തി ഗ്രെയിൻ എടിഎം’ വഴി ഗുണഭോക്താക്കൾക്ക് ഇനി 24 മണിക്കൂറും റേഷൻ വിഹിതം കൈപ്പറ്റാം. പദ്ധതിയുടെ ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്താണ് നടപ്പാക്കുന്നത്.

റേഷൻ വിതരണം കൂടുതൽ സുതാര്യവും വേഗത്തിലുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന സംവിധാനം അവതരിപ്പിക്കുന്നത്. ഗുണഭോക്താക്കൾക്ക് തങ്ങളുടെ സൗകര്യാർത്ഥം ഏത് സമയത്തും എടിഎം വഴി ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

റേഷൻ കാർഡ് നമ്പറോ ആധാർ വിവരങ്ങളോ എടിഎമ്മിൽ നൽകിയ ശേഷം ബയോമെട്രിക് സംവിധാനത്തിലൂടെ വിരലടയാളം പതിപ്പിച്ച് ഗുണഭോക്താവിനെ തിരിച്ചറിയും.

വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാൽ അഞ്ച് മിനിറ്റിനുള്ളിൽ ഏകദേശം 50 കിലോ വരെ ധാന്യം ഈ യന്ത്രത്തിലൂടെ ലഭിക്കും. തൂക്കത്തിലെ കൃത്യത ഉറപ്പുവരുത്താനും ഉപഭോക്താക്കളുടെ സമയലാഭത്തിനും പുതിയ സംവിധാനം വലിയ രീതിയിൽ സഹായകമാകുമെന്ന് ഭക്ഷ്യവകുപ്പ് വിലയിരുത്തുന്നു. തിരുവനന്തപുരത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം വിജയകരമായാൽ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.