ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ അറസ്റ്റിലായത് 15697 പേർ, കേസുകളുടെ എണ്ണം 14544 ആയി ഉയർന്നു

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുവരെ അറസ്റ്റിലായത് 15697 പേർ. കഴിഞ്ഞ ദിവസം 43 കേസുകളിലായി 44 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 14544 ആയി. ഇതുവരെ 28722.706 ഗ്രാം എം.ഡി.എംഎയും 2004.477 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 21 കേസുകളും കോട്‌പ പ്രകാരം 29 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 02:220 ഗ്രാം എം.ഡി.എംഎയും 2.851 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പൊലീസ് 34 ബോധവത്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 11972 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 1106 ഉം ആണ്. സ്‌കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 8211 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചു വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്‌സ്‌ആപ്പ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.