യാത്രകൾ ദുർഗന്ധ രഹിതമാകും, മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരവുമായി ഇന്ത്യൻ റെയിൽവേ

ദീര്‍ഘദൂരയാത്രകളില്‍ ട്രെയിനുകളിലെ മാലിന്യ സംസ്‌ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേ ഉപയോഗിക്കുന്ന ആധുനിക പാസഞ്ചര്‍ കോച്ചുകളായ എല്‍എച്ച്ബി കോച്ചുകളിലാണ് കൂടുതല്‍ മാലിന്യ സംഭരിക്കാന്‍ ശേഷിയുള്ള പുതിയ സംവിധാനം ക്രമീകരിക്കുന്നത്. ഒറ്റത്തവണ 367.4 ലീറ്റര്‍ മാലിന്യം വരെ ഇതില്‍ ശേഖരിക്കാനാവും.

കോച്ചിനുള്ളിലെ ഡ്രോപ് ബോക്‌സിലൂടെ യാത്രികര്‍ക്ക് മാലിന്യം നിക്ഷേപിക്കാനാവും. ഈ മാലിന്യം സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ച ട്രെയിന് അടിയിലെ പ്രത്യേക കളക്ടറുകളിലേക്കെത്തും. യാത്രക്കു ശേഷം ഇവ എളുപ്പത്തില്‍ ഊരിമാറ്റി വൃത്തിയാക്കാനും റെയില്‍വേ ജീവനക്കാര്‍ക്ക് സാധിക്കും. ദിവസങ്ങള്‍ നീളുന്ന ദീര്‍ഘദൂര യാത്രകളില്‍ ഡസ്റ്റ്ബിന്നുകള്‍ നിറഞ്ഞു കവിയുന്ന സാഹചര്യം ഒഴിവാക്കുക ലക്ഷ്യമിട്ടാണ് പുതിയ മാറ്റം. ജീവനക്കാര്‍ ഇടക്കിടെ നേരിട്ടെത്തി മാലിന്യം ശേഖരിക്കുന്നത് ഒഴിവാക്കാനും പുതിയ സംവിധാനം സഹായിക്കും.

പ്രവര്‍ത്തനം എങ്ങനെ?

ഇന്ത്യന്‍ റെയില്‍വേയുടെ ഝാന്‍സിയിലെ വാഗണ്‍ റിപ്പയര്‍ വര്‍ക്ക്‌ഷോപ്പാണ് കൂടുതല്‍ മാലിന്യം കൈകാര്യം ചെയ്യാനാവുന്ന ഈ ഗാര്‍ബേജ് സിസ്റ്റം വികസിപ്പിച്ചെടുത്തത്. നിലവിലെ സംവിധാനത്തില്‍ വെറും 18 ലിറ്റര്‍ മാലിന്യം മാത്രമാണ് ശേഖരിക്കാന്‍ കഴിഞ്ഞിരുന്നത്. ഇത് പുതിയ സംവിധാനത്തിലൂടെ 367.4 ലീറ്ററായാണ് ഉയരുക.

ട്രെയിനിന് ഉള്ളിലെ ഗാര്‍ബേജ് ഡ്രോപ്പ് ബോക്‌സ്, അതിനെ താഴേക്ക് ബന്ധിപ്പിക്കുന്ന ഭാഗം, അടിഭാഗത്തെ വലിയ മാലിന്യ ശേഖരണ സംവിധാനം എന്നിവയടങ്ങുന്നതാണ് പുതിയ സംവിധാനം. യാത്രക്കാര്‍ കോച്ചിനുള്ളിലെ ഡ്രോപ്പ് ബോക്‌സിലേക്ക് തള്ളുന്ന മാലിന്യം പൈപ്പ് വഴി ട്രെയിന് അടിയിലെ മാലിന്യ ശേഖരണ സംവിധാനത്തിലേക്കെത്തും. നിലവിലെ 18 ലീറ്റര്‍ ശേഷിയുള്ള ചെറിയ ബിന്നുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ഇരട്ടിയിലേറെ മാലിന്യം കൈകാര്യം ചെയ്യാന്‍ പുതിയ ബിന്നുകള്‍ക്ക് സാധിക്കും. യാത്ര പൂര്‍ത്തിയായ ശേഷം ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ മാലിന്യം നീക്കം ചെയ്യാനുമാവും.

എന്തുകൊണ്ട് പുതിയ സംവിധാനം?

ദീര്‍ഘദൂര ട്രെയിനുകളില്‍ ഡസ്റ്റ് ബിന്നുകള്‍ നിറഞ്ഞു കവിയുന്നതും കോച്ചുകള്‍ക്കുള്ളില്‍ മാലിന്യം ചിതറുന്നതും വലിയ ശുചിത്വ പ്രശ്‌നങ്ങളിലേക്ക് നയിക്കാറുണ്ട്. യാത്രക്കിടെ പലതവണ ജീവനക്കാര്‍ മാലിന്യം നീക്കം ചെയ്യുന്നതും വെല്ലുവിളായാവാറുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായാണ് യാത്ര അവസാനിക്കുന്നതു വരെയുള്ള മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനാവുന്ന കൂടുതല്‍ സംഭരണ ശേഷിയുള്ള പുതിയ സംവിധാനം റെയില്‍വേ കൊണ്ടുവന്നിരിക്കുന്നത്. എല്‍എച്ച്ബി കോച്ചുകളുടെ അടിഭാഗത്തുള്ള ഒഴിവുള്ള സ്ഥലം പരമാവധി ഉപയോഗപ്പെടുത്തിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ട്രെയിനിന്റെ സുരക്ഷയേയോ മറ്റു യാന്ത്രിക ഘടകങ്ങളേയോ ബാധിക്കാത്ത വിധത്തിലാണ് ഇതിന്റെ രൂപകല്‍പന.

ഉരുക്കിന്റെ കരുത്തും കാര്യക്ഷമതയും

പൂര്‍ണമായും സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് ഈ ഗാര്‍ബേജ് സംവിധാനം നിര്‍മിച്ചിരിക്കുന്നത്. ഇത് കൂടുതല്‍ ഈടു നില്‍പ്പ് ഉറപ്പാക്കുന്നു. അടിഭാഗത്തെ അണ്ടര്‍ഗിയര്‍ കളക്ടര്‍ പ്രത്യേകം ചരിവ് ഉറപ്പിക്കുന്ന ‘3:10 ടേപ്പര്‍’ ആകൃതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതുകാരണം യാത്രക്കു ശേഷം മാലിന്യങ്ങള്‍ എളുപ്പത്തില്‍ മാറ്റുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും സഹായിക്കും. ഡ്രോപ്പ് ബോക്‌സും അടിയിലെ സംഭരണ സംവിധാനവും ഇരുവശങ്ങളില്‍ നിന്നും വെവ്വേറെ കഴുകി വൃത്തിയാക്കാനാവും. ഇത് ദുര്‍ഗന്ധം കുറക്കാനും മികച്ച ശുചിത്വം ഉറപ്പാക്കാനും സഹായിക്കും.

ട്രെയിന്‍ സര്‍വീസിനിടെ തന്നെ ജീവനക്കാര്‍ക്ക് പലതവണ മാലിന്യം കൈകാര്യം ചെയ്യേണ്ടി വരുന്ന രീതിയാണ് പുതിയ സംവിധാനത്തിന്റെ വരവോടെ അവസാനിക്കുക. യാത്ര അവസാനിച്ച ശേഷം റെയില്‍വേ ഡിപ്പോയിലെ മെയിന്റനന്‍സ് വേളയില്‍ മാത്രമായിരിക്കും അണ്ടര്‍ഗിയര്‍ കളക്ടറിലെ മാലിന്യം കൊട്ടിക്കളയുക. ദീര്‍ഘദൂര യാത്രകളില്‍ ജീവനക്കാര്‍ക്ക് വീണ്ടും വീണ്ടും നേരിട്ടെത്തി മാലിന്യം മാറ്റേണ്ടി വരുന്ന ജോലിഭാരം ഇത് ഒഴിവാക്കും. ഒപ്പം ഡസ്റ്റ്ബിന്നുകള്‍ നിറഞ്ഞു കവിയുന്നതും യാത്രക്കാര്‍ കോച്ചിനുള്ളിലും റെയില്‍വേ ട്രാക്കുകളിലേക്കും മാലിന്യം വലിച്ചെറിയുന്നതും ഒരു പരിധി വരെ തടയാനും മാലിന്യ നിര്‍മാര്‍ജന സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും സാധിക്കും.

നിലവില്‍ ഈ മാലിന്യ നിര്‍മാര്‍ജന സംവിധാനം നിലവില്‍ പ്രോട്ടോടൈപ്പ് ഘട്ടത്തിലാണ്. അന്തിമ പരിശോധനകള്‍ക്കും അംഗീകാരത്തിനുമായി ഇത് റെയില്‍വേയുടെ ആര്‍ഡിഎസ്ഒക്ക്(റിസര്‍ച്ച് ഡിസൈന്‍സ് ആന്റ് സ്റ്റാന്‍ഡേഡ്‌സ് ഓര്‍ഗനൈസേഷന്‍) സമര്‍പ്പിച്ചിരിക്കുകയാണ്. പരിശോധനാവേളയില്‍ ആര്‍ഡിഎസ്ഒ നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാവും ഇത് മറ്റു ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കുക. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു ഗാര്‍ബേജ് ബിന്‍ നിര്‍മിക്കാന്‍ ഏകദേശം 12,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു എല്‍എച്ച്ബി കോച്ചിന്റെ ഇരുവശങ്ങളിലെ വാതിലുകള്‍ക്ക് സമീപവുമായി രണ്ടു ബിന്നുകള്‍ വീതമായിരിക്കും സ്ഥാപിക്കുക.