ആഫ്രിക്കയുടെ വലിപ്പം കൂടുതൽ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടത്തിന് അനുകൂലമായും പരമ്പരാഗത മെർക്കേറ്റർ ഭൂപടം ഔദ്യോഗികമായി ഒഴിവാക്കുന്നതിനും ഉള്ള പ്രമേയം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു.
2018-ലെ ‘ഈക്വൽ എർത്ത്’ (Equal Earth) രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ള പ്രമേയം അംഗീകരിച്ചുകൊണ്ട് യുഎൻ ജനറൽ അസംബ്ലി 16-ാം നൂറ്റാണ്ടിലെ മെർക്കേറ്റർ പ്രൊജക്ഷനെ ഔദ്യോഗികമായി പിൻവലിച്ചു. ഇന്ത്യയുൾപ്പടെ 164 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. യുഎസ് മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്, പ്രമേയം ‘അനാവശ്യമാണ്’ എന്നായിരുന്നു യുഎസ് പ്രതിനിധിയുടെ പക്ഷം. ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എസ്തോണിയ, ജോർജിയ, ലിത്വാനിയ, മോൾഡോവ, സെർബിയ, യുക്രൈൻ എന്നീ രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്.
ക്ലാസ്സ്റൂം പാഠ്യപദ്ധതികളിലും ദൈനംദിന സാങ്കേതികവിദ്യയിലും പുതിയ മാപ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മാപ്പിൽ ആഫ്രിക്കൻ വൻകര വലുതാകുകയും യൂറോപ്പും വടക്കേ അമേരിക്കയും ചെറുതാകുകയും ചെയ്യും.
ആഫ്രിക്കൻ യൂണിയനുവേണ്ടി ടോഗോയാണ് പ്രമേയം ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ചത്. മെർക്കേറ്റർ ഭൂപടം കാരണം ആഫ്രിക്കയ്ക്ക് വൈജ്ഞാനികവും വിദ്യാഭ്യാസപരവും സാംസ്കാരികവും രാഷ്ട്രീയവും സാമൂഹിക-സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രമേയത്തിൽ പറയുന്നു.
കടലിൽ നാവിഗേറ്റ് ചെയ്യാൻ നാവികരെ സഹായിക്കുന്നതിനായി 1569-ൽ ഫ്ലെമിഷ് കാർട്ടോഗ്രാഫറായ ജെറാർഡസ് മെർക്കേറ്ററാണ് മെർക്കേറ്റർ ഭൂപടം അവതരിപ്പിച്ചത്. ഏകദേശം അഞ്ച് നൂറ്റാണ്ടുകളായി ഇതാണ് ലോകം പിന്തുടർന്നിരുന്നത്.
പഴയ മാപ്പിൽ ആഫ്രിക്ക ഗ്രീൻലൻഡിന്റെ അതേ വലിപ്പമുള്ളതായിട്ടാണ് കാണിച്ചിരിക്കുന്നത്. എന്നാൽ ഈ വൻകര ഗ്രീൻലൻഡിനേക്കാൾ 16 മടങ്ങ് വലുതാണ്. ഇതിൽ ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുംതോറും കരഭാഗങ്ങളെ വലുതാക്കിയാണ് കാണിച്ചിരിക്കുന്നത്. ഇത് ഉത്തരമേഖലാ പ്രദേശങ്ങളെ യഥാർത്ഥത്തിലുള്ളതിനേക്കാൾ വളരെ വലുതായി കാണാൻ ഇടയാക്കുന്നു, അതേസമയം ആഫ്രിക്ക ഉൾപ്പെടെ ഭൂമധ്യരേഖയോട് അടുത്തുള്ള പ്രദേശങ്ങൾ താരതമ്യേന ചെറുതായും കാണപ്പെടുന്നു.
