വോയ്സ് മെസേജ് അയച്ചശേഷം സ്വയം കേട്ട് ക്രിഞ്ച് അടിക്കാറുണ്ടോ?

വാട്സ്ആപ്പിൽ വോയ്സ് മെസേജ് അയച്ച ശേഷം ഒരു തവണ കൂടി തന്റെ ശബദം കേൾക്കും. എന്നിട്ട് എന്തോ അപാകതയുണ്ടെന്ന് വിലയിരുത്തി, ഡിലീറ്റ് ചെയ്യുകയും വീണ്ടും വോയ്സ് ഇടുകയും ചെയ്യും. സ്വന്തം ശബ്ദം മോശമായതുകൊണ്ടല്ല ഇത് ചെയ്യുന്നത്. മറ്റുള്ളവർ ശ്രദ്ധിക്കാത്ത ചെറിയ പിഴവുകൾ സ്വന്തം ശബ്ദത്തിൽ കേൾക്കുകയും അതിന് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതുമാണ് കാരണം. സംസാരത്തിനിടെ സ്വാഭാവികമായി ഉണ്ടാകുന്ന ‘അം’, ‘ആഹ്’ തുടങ്ങിയ ഫില്ലർ ശബ്ദങ്ങൾ, ശ്വാസോച്ഛ്വാസത്തിന്റെ രീതി, സംസാരത്തിലെ വേഗത, ചെറിയ ഇടർച്ചകൾ എന്നിവയിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമ്മൾ പറയുന്ന കാര്യങ്ങളുടെ ഉള്ളടക്കത്തേക്കാൾ ശബ്ദത്തിന്റെ അവതരണരീതിയാണ് കൂടുതൽ ശ്രദ്ധയിൽപ്പെടുന്നത്.

സ്വന്തം പ്രകടനത്തെ വിലയിരുത്തുമ്പോൾ നമ്മൾ പലപ്പോഴും മറ്റുള്ളവരേക്കാൾ കർശനമായ അളവുകോലുകളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ, മറ്റൊരാളുടെ സംസാരത്തിൽ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ഇടർച്ചകൾ പോലും സ്വന്തം ശബ്ദത്തിൽ കേൾക്കുമ്പോൾ വലിയ കുറവുകളായി തോന്നാം. കൂടാതെ, നമുക്ക് പരിചിതമായ ശബ്ദത്തോട് റെക്കോർഡിങ്ങിലെ ശബ്ദം വ്യത്യസ്തമായി തോന്നുന്നതും ഈ അനുഭവത്തിന് കാരണമാകാം. അതിനാൽ, സ്വന്തം ശബ്ദം കേൾക്കുമ്പോഴുള്ള അസ്വസ്ഥത ശബ്ദത്തിന്റെ യഥാർഥ ഗുണനിലവാരത്തെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലായിരിക്കണമെന്നില്ല.

സ്വന്തം ശബ്ദത്തിലെ ഓരോ ചെറിയ പിഴവും അമിതമായി ശ്രദ്ധിക്കുന്നത് സ്വാഭാവികമായ ഒരു സ്വയംവിലയിരുത്തൽ പ്രവണതയുടെ ഭാഗമായിരിക്കാം. മറ്റുള്ളവർ നമ്മുടെ സംസാരത്തെ വിലയിരുത്തുമ്പോൾ ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ നമ്മൾ തന്നെ കണ്ടെത്തുന്നതാണ് പലപ്പോഴും ഈ ക്രിഞ്ചിന് കാരണം. അല്ലാതെ, നമ്മുടെ ശബ്ദമോ സംസാരശൈലിയോ അല്ല.