ഓരോ വർഷവും ഓഗസ്റ്റ് 13 ലോക അവയവദാന ദിനമായി നാം ആചരിക്കുമ്പോൾ, അതിന് പിന്നിലെ പ്രധാന ലക്ഷ്യം പൊതുജനങ്ങളിൽ അവയവദാനത്തെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുകയും തെറ്റിദ്ധാരണകൾ മാറ്റുകയുമാണ്.
വിവിധ കാരണങ്ങളാൽ അവയവങ്ങൾ പ്രവർത്തനരഹിതമായി ജീവനും മരണത്തിനുമിടയിൽ പോരാടുന്ന ഒട്ടനേകം രോഗികളും അവരുടെ കുടുംബങ്ങളും നമുക്ക് ചുറ്റുമുണ്ട്. കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം പൂർണ്ണമായി നിലച്ച അവസ്ഥയിൽ ജീവൻ നിലനിർത്താൻ ഇവരിൽ പലർക്കും മുന്നിലുള്ള ഒരേയൊരു മാർഗ്ഗം അവയവ മാറ്റിവയ്ക്കൽ മാത്രമാണ്. അവിടെയാണ് മരണാനന്തര അവയവദാനത്തിന് പ്രസക്തിയേറുന്നത്. മരണാനന്തര അവയവദാനത്തിനെ പറ്റി പറയുമ്പോൾ അതിനൊപ്പം തന്നെ ഏറെ ചർച്ച ചെയ്യുന്ന ഒന്നാണ് മസ്തിഷ്ക മരണം
എന്താണ് മസ്തിഷ്ക മരണം? ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ സത്യങ്ങൾ
അവയവദാനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഇന്നും ഒരുപാട് സംശയങ്ങളും ഭയങ്ങളും നിലനിൽക്കുന്നതിൽ പ്രധാന കാരണം മസ്തിഷ്ക മരണവും സാധാരണ കോമ അവസ്ഥയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തതാണ്.
* കോമയും മസ്തിഷ്ക മരണവും ഒന്നല്ല: കോമയിലുള്ള ഒരു വ്യക്തിയുടെ മസ്തിഷ്കം ഭാഗികമായി പ്രവർത്തിക്കുന്നുണ്ടാകാം, ഭാവിയിൽ അവർ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയുമുണ്ട്.
* തിരിച്ചുവരവില്ലാത്ത അവസ്ഥ: എന്നാൽ മസ്തിഷ്ക മരണം എന്നാൽ തലച്ചോറിന്റെയും, ശ്വസനത്തെയും മറ്റ് ജീവൽപ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന ബ്രെയിൻ സ്റ്റെമ്മിന്റെയും പ്രവർത്തനം പൂർണമായും ശാശ്വതമായും നിലച്ച അവസ്ഥയാണ്.
* വെന്റിലേറ്ററിന്റെ പങ്ക്: മസ്തിഷ്ക മരണം സംഭവിച്ച വ്യക്തി സ്വയം ശ്വസിക്കില്ല. വെന്റിലേറ്ററിന്റെയും മരുന്നുകളുടെയും സഹായത്താൽ മാത്രമാണ് കൃത്രിമമായി രക്തഓട്ടവും ഓക്സിജനും ഹൃദയത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും കുറച്ചു സമയത്തേക്ക് നിലനിർത്തുന്നത്. വെന്റിലേറ്റർ മാറ്റിയാൽ നിമിഷങ്ങൾക്കകം ഹൃദയമിടിപ്പ് നിലയ്ക്കും.
* ജീവശാസ്ത്രപരമായ മരണം: വൈദ്യശാസ്ത്രപരമായും നിയമപരമായും മസ്തിഷ്ക മരണം എന്നത് ഒരു വ്യക്തിയുടെ യഥാർത്ഥ മരണം തന്നെയാണ്. ഈ അവസ്ഥയിൽ നിന്ന് ഒരു വ്യക്തിക്ക് ഒരിക്കലും ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കില്ല.
മസ്തിഷ്ക മരണ സ്ഥിരീകരണം: സുതാര്യതയും കർശനമായ ക്ലിനിക്കൽ പരിശോധനകളും
അവയവദാനത്തിനായി മസ്തിഷ്ക മരണം ധൃതിപിടിച്ച് പ്രഖ്യാപിക്കപ്പെടുന്നു എന്നൊക്കെയുള്ള തെറ്റിദ്ധാരണകൾ തികച്ചും അടിസ്ഥാനരഹിതമാണ്. ഇന്ത്യയിൽ ‘ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട്’ അനുസരിച്ച് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത് അതികഠിനവും സുതാര്യവുമായ നിയമ-വൈദ്യശാസ്ത്ര പരിശോധനകളിലൂടെയാണ്.
- വിദഗ്ധ ഡോക്ടർമാരുടെ പാനൽ: ഒരു ഡോക്ടർക്ക് തനിയെ മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ കഴിയില്ല. ചികിത്സിക്കുന്ന തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) ഡോക്ടർ, ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട്, സർക്കാർ പാനലിൽ നിന്നുള്ള ഒരു ന്യൂറോളജിസ്റ്റ് അല്ലെങ്കിൽ ന്യൂറോസർജൻ, മറ്റൊരു സ്വതന്ത്ര ഡോക്ടർ എന്നിവരടങ്ങുന്ന നാലംഗ വിദഗ്ധ പാനലാണ് പരിശോധനകൾ നടത്തുന്നത്.
- ആപ്നിയ ടെസ്റ്റ്: തലച്ചോറിന് സ്വയം ശ്വസനം നിയന്ത്രിക്കാൻ ശേഷിയുണ്ടോ എന്ന് ഘട്ടം ഘട്ടമായി നടത്തുന്ന രണ്ട് ക്ലിനിക്കൽ പരിശോധനകളിലൂടെ പാനൽ ഉറപ്പുവരുത്തുന്നു.
- 6 മണിക്കൂർ ഇടവേള: ആദ്യത്തെ പരിശോധനയ്ക്ക് ശേഷം കുറഞ്ഞത് 6 മണിക്കൂർ ഇടവേള നൽകി രണ്ടാമതും ഈ പരിശോധനകൾ ആവർത്തിക്കുന്നു. രണ്ട് പരിശോധനകളിലും മസ്തിഷ്ക മരണം തെളിഞ്ഞാൽ മാത്രമേ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കുകയുള്ളൂ.
- സുതാര്യതയും ധാർമികതയും: മരണപ്പെട്ട വ്യക്തിയെ ചികിത്സിക്കുന്ന സംഘവും അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്ന ട്രാൻസ്പ്ലാന്റ് സംഘവും തികച്ചും വ്യത്യസ്തരാണ്. മരണം സ്ഥിരീകരിക്കുന്നതിലോ ചികിത്സ നൽകുന്നതിലോ യാതൊരുവിധ സ്വാർത്ഥ താല്പര്യങ്ങൾക്കും സ്ഥാനമില്ല.
ഒരു ദാനം; എട്ടോളം ജീവനുകൾക്ക് അമൃതസ്പർശം
മസ്തിഷ്ക മരണം സംഭവിച്ച ഒരു വ്യക്തിക്ക് തന്റെ അവയവങ്ങളിലൂടെ 8 ആളുകളുടെ വരെ ജീവൻ നേരിട്ട് രക്ഷിക്കാൻ സാധിക്കും.
* കരൾ: ഗുരുതരമായ കരൾ രോഗമുള്ളവർക്കും പെട്ടെന്ന് കരൾ പ്രവർത്തനരഹിതമായവർക്കും ജീവൻ വീണ്ടെടുക്കാൻ കരൾ ദാനം സഹായിക്കുന്നു.
* വൃക്കകൾ: രണ്ട് വൃക്കകൾ വഴി രണ്ട് വ്യക്തികൾക്ക് ഡയാലിസിസിന്റെ വേദനയിൽ നിന്ന് മോചനം നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങാം.
* ഹൃദയവും ശ്വാസകോശവും: ഹൃദയസ്തംഭനവും ഗുരുതര ശ്വാസകോശ രോഗങ്ങളും ബാധിച്ച രോഗികൾക്ക് പുതിയ ജീവൻ നൽകുന്നു.
* മറ്റ് അവയവങ്ങളും കോശങ്ങളും: പാൻക്രിയാസ്, കുടൽ എന്നിവയ്ക്ക് പുറമെ കണ്ണിലെ കോർണിയ, ചർമ്മം, അസ്ഥികൾ തുടങ്ങിയവ ദാനം ചെയ്യുന്നത് വഴി മറ്റ് നിരവധി ആളുകളുടെ ജീവിത നിലവാരം ഉയർത്താനും സാധിക്കും.
ഈ അവയവദാന ദിനത്തിൽ നാം കൈക്കൊള്ളേണ്ട തീരുമാനം
അവയവദാനത്തിനായുള്ള കാത്തിരിപ്പ് പട്ടികയിൽ ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് കഴിയുന്നത്. അവരിൽ നല്ലൊരു പങ്കും യഥാസമയം അവയവം ലഭിക്കാതെ മരണത്തിന് കീഴടങ്ങുന്നു. സ്വന്തം പ്രിയപ്പെട്ടവരുടെ വേർപാടിന്റെ അഗാധമായ ദുഃഖത്തിനിടയിലും, മറ്റൊരു കുടുംബത്തിന്റെ കണ്ണീരൊപ്പാൻ അവയവദാനത്തിന് സമ്മതം മൂളുന്ന ബന്ധുക്കളുടെ തീരുമാനം ലോകത്തിലെ ഏറ്റവും മഹത്തായ മാനവിക പ്രവർത്തിയാകുന്നത് അതുകൊണ്ടാണ്.
നമുക്ക് ചെയ്യാനാകുന്നത്
- സമ്മതപത്രം നൽകുക: സർക്കാറിന്റെ അംഗീകൃത പ്ലാറ്റ്ഫോമുകൾ (കെ സോട്ടോ പോലുള്ളവ) വഴി മരണാനന്തര അവയവദാനത്തിന് രജിസ്റ്റർ ചെയ്യുക.
- കുടുംബത്തോട് സംസാരിക്കുക: മരണശേഷം അവയവങ്ങൾ ദാനം ചെയ്യണമെന്ന ആഗ്രഹം കുടുംബാംഗങ്ങളുമായി പങ്കുവെക്കുക. കാരണം നമ്മൾ എടുത്ത തീരുമാനം നടപ്പിലാക്കാൻ നമ്മുടെ കുടുംബത്തിന്റെ പിന്തുണ അനിവാര്യമാണ്.
മരണത്തിനുശേഷവും മറ്റൊരാളുടെ ശ്വാസമായി, കാഴ്ചയായി, ഹൃദയമിടിപ്പായി ജീവിക്കാൻ കഴിയുക എന്നത് അനുഗ്രഹമാണ്.
