ഡ്രൈവിങ് ലൈസൻസ് പുതുക്കൽ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്, ഓർമപ്പെടുത്തലുമായി MVD

ഡ്രൈവിംഗ് ലൈസൻസ് പുതുക്കലിലെ മാറ്റങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമായി എംവിഡി. 2019 ൽ മോട്ടോർ വെഹിക്കിൾ ആക്റ്റ് ഭേദഗതി ചെയ്യുന്നതുവരെ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി പരമാവധി 20 വർഷമോ അല്ലെങ്കിൽ അമ്പത് വയസാകുന്നതുവരെയോ ആയിരുന്നു. 50 വയസിനു ശേഷം പുതുക്കുന്നവർക്ക് അഞ്ചുവർഷം വീതം കാലാവധി നൽകിയിരുന്നു. എന്നാൽ 2019 ലെ ഭേദഗതിയോടെ അതിനു ശേഷമെടുത്ത ലൈസൻസുകളുടെ കാലാവധിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

മുപ്പതുവയസിൽ താഴെയുള്ള ഒരാൾക്ക് ലഭിക്കുന്ന ലൈസൻസിൻ്റെ കാലാവധി അയാൾക്ക് 40 വയസ് ആകുന്നതുവരെയാണ്. മുപ്പതുമുതൽ 50 വയസുവരെയുള്ളവർക്ക് ലഭിക്കുന്ന ലൈസൻസിന്റെ കാലാവധി പത്തുവർഷമായിരിക്കും. പ്രായപരിധി കഴിഞ്ഞാൽ ലൈസൻസ് പുതുക്കിയില്ലെങ്കിൽ അസാധുവാകും. നേരത്തേ ഈ പ്രായത്തിലുള്ളവർക്ക് ലഭിക്കുന്ന ലൈസൻസിന്റെ കാലാവധി 20 വർഷമായിരുന്നു.

50നും 55 വയസിനിടയിൽ ലൈസൻസ് ലഭിക്കുന്ന വ്യക്തി അയാൾക്ക് 60 വയസാകുമ്പോൾ ലൈസൻസ് പുതുക്കണം. നേരത്തേ 50 വയസിന് മുകളിലുള്ള ആളുകൾക്ക് അഞ്ചുവർഷത്തേക്കുമാത്രമായിരുന്നു ലൈസൻസ് നൽകിയിരുന്നത്.

55ഉം അതിന് മുകളിലും പ്രായമുള്ളയാളാണ് ലൈസൻസ് എടുക്കുന്നതെങ്കിൽ അഞ്ച് വർഷം മാത്രമായിരിക്കും കാലാവധി. ഇനി 58-ാം വയസിൽ ലൈസൻസ് ലഭിക്കുകയാണെങ്കിൽ വയസ് 63 ആകുമ്പോൾ അത് പുതുക്കേണ്ടതുണ്ട്. നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ലൈസൻസ് കാലാവധിയാണ് ഈ നിലയിലേക്ക് മാറിയിരിക്കുന്നത്.

മീഡിയം, ഹെവി വാഹനങ്ങളുടെ ലൈസൻസ് 2019ന് മുമ്പ് മൂന്ന് വർഷം കാലാവധിയിലായിരുന്നു നൽകിയിരുന്നത്. എന്നാൽ, 2019ന് ശേഷം എടുത്തതോ പുതുക്കിയതോ ആണെങ്കിൽ അഞ്ച് വർഷമാണ് കാലാവധി. ലൈസൻസ് കാലാവധി അവസാനിച്ചാലും അവസാനിച്ച തീയതി മുതൽ 30 ദിവസം വരെ ലൈസൻസ് സാധുവായിരിക്കും.