പ്രമേഹ ബാധിതരായ രോഗികള്‍ക്ക് വലിയ ആശ്വാസമായി ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കേണ്ട ലോകത്തിലെ ആദ്യത്തെ ഇൻസുലിൻ ഇന്ത്യയില്‍ പുറത്തിറക്കി.
ഡാനിഷ് മരുന്ന് നിർമ്മാണ കമ്പനിയായ നോവോ നോർഡിസ്ക് (Novo Nordisk) ആണ് അവിക്ലി (Awiqli) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഇൻസുലിൻ ഐകോഡെക് ഇന്ത്യൻ വിപണിയില്‍ ലഭ്യമാക്കിയത്. സാധാരണയായി പ്രമേഹ രോഗികള്‍ വർഷത്തില്‍ 365 ദിവസവും ദിവസേന ഇൻസുലിൻ എടുക്കേണ്ട സ്ഥാനത്ത്, പുതിയ മരുന്ന് എത്തുന്നതോടെ വർഷത്തില്‍ വെറും 52 തവണ മാത്രം ഇൻസുലിൻ കുത്തിവെപ്പ് എടുത്താല്‍ മതിയാകും.
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ ബാധിതരായ മുതിർന്ന രോഗികള്‍ക്ക് ഉപയോഗിക്കാൻ അനുമതിയുള്ള ഈ ഇൻസുലിൻ ഫ്ലെക്സ്ടച്ച് (FlexTouch) എന്ന് പേരിട്ടിരിക്കുന്ന ഒരു പ്രത്യേക പെൻ ഉപകരണം വഴിയാണ് രോഗികള്‍ക്ക് നല്‍കുന്നത്. ആഗോളതലത്തില്‍ ഈ അത്യാധുനിക ചികിത്സാ രീതി ലഭ്യമാകുന്ന ആറാമത്തെ വിപണിയാണ് ഇന്ത്യയെന്ന് നോവോ നോർഡിസ്ക് ഇന്ത്യ മാനേജിങ് ഡയറക്ടർ വിക്രാന്ത് ശ്രോത്രിയ വ്യക്തമാക്കി. ദിവസേനയുള്ള കുത്തിവെപ്പുകളോടുള്ള ഭയം കാരണം പല രോഗികളും ഇൻസുലിൻ ചികിത്സ ആരംഭിക്കാൻ മടിക്കുന്നത് ഒഴിവാക്കാൻ ഈ പുതിയ സംവിധാനം സഹായിക്കും. ഡെന്മാർക്കില്‍ നിർമ്മിക്കുന്ന ഈ ഇൻസുലിൻ പെനുകള്‍ അവിടെ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.
വില്പനയുടെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ കുറഞ്ഞ ചിലവില്‍ ഇത് ലഭ്യമാക്കുക എന്നതാണ് നോവോ നോർഡിസ്ക് ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്. 700 യൂണിറ്റ് ഇൻസുലിൻ അടങ്ങിയ 1 എം എല്‍ അവിക്ലി ഫ്ലെക്സ്ടച്ച് പെന്നിന് 2,611 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. അതേസമയം 2,100 യൂണിറ്റ് ഇൻസുലിൻ അടങ്ങിയ വലിയ 3 എം എല്‍ പെന്നിന് 7,883 രൂപയും ഈടാക്കും. ഒരു രോഗിക്ക് ആഴ്ചയില്‍ ഏകദേശം 70 യൂണിറ്റ് ഇൻസുലിൻ ആവശ്യമായി വരുന്നു എന്ന് കണക്കാക്കിയാല്‍ ഒരാഴ്ചത്തെ ചികിത്സയ്ക്കായി ഏകദേശം 261 രൂപ മുതല്‍ 263 രൂപ വരെ മാത്രമേ ചിലവ് വരികയുള്ളൂ.
ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം വളരെ ഉയർന്നതാണ്. രാജ്യത്ത് 10.1 കോടിയിലധികം ആളുകള്‍ പ്രമേഹ രോഗബാധിതരായും 13.6 കോടി ആളുകള്‍ പ്രമേഹത്തിന് തൊട്ടുമുമ്പുള്ള പ്രീ ഡയബറ്റിസ് അവസ്ഥയിലുമാണ് ജീവിക്കുന്നത്. കൂടാതെ 9 ലക്ഷത്തിലധികം ആളുകള്‍ ടൈപ്പ് 1 പ്രമേഹ ബാധിതരാണ്. ടൈപ്പ് 2 പ്രമേഹ ബാധിതരായ രോഗികളില്‍ പത്ത് ശതമാനത്തോളം ആളുകള്‍ക്ക് തുടർന്നുള്ള ഘട്ടങ്ങളില്‍ ഇൻസുലിൻ ആവശ്യമായി വരുന്നുണ്ട്. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച് (ICMR) പിന്തുണയോടെ മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ നടത്തിയ പഠനത്തില്‍ പ്രമേഹ ബാധിതരായ മൂന്നില്‍ ഒരാള്‍ക്ക് മാത്രമേ നിലവില്‍ രോഗം നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നുള്ളൂ എന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ഇൻസുലിന്റെ വരവ് രോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
